കൊച്ചി: സുപ്രീംകോടതിയില്‍ നിന്ന് ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അറ്റകുറ്റപ്പണി ആരംഭിച്ചു. പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരി വച്ചതിന് പിന്നാലെയാണ് നടപടി. ചാലക്കുടി പേരാമ്പ്രയിലാണ് സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചത്.അപ്രോച്ച് റോഡുകള്‍ ഇരുഭാഗവും ടാര്‍ ചെയ്ത് സുഗമമായ രീതിയില്‍ യാത്ര സൗകര്യം ഒരുക്കുക എന്നതാണ് കരാര്‍ കമ്പനി ലക്ഷ്യം വെക്കുന്നത്.
പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരായ അപ്പീല്‍ സുപ്രിംകോടതി ഇന്നലെ തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പൗരന്മാരുടെ ദുരവസ്ഥയിലാണ് തങ്ങള്‍ക്ക് ആശങ്കയെന്ന് കോടതി പറഞ്ഞു. പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേയ്ക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും അപ്പീല്‍ നല്‍കിയത്.






