തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആരോപണ വിധേയനായ ജനപ്രതിനിധിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി. ആരോപണവിധേയന്‍ ജനപ്രതിനിധി എങ്കില്‍ ആ സ്ഥാനം രാജിവെയ്ക്കണമെന്ന് മന്ത്രി. പേരു വെളിപ്പെടുത്താതെ ഒന്നിലധികം സ്ത്രീകള്‍ ഒരു യുവജന നേതാവിനെതിരെ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു ജനപ്രതിനിധി ആണ് ആരോപണ വിധേയന്‍ എന്നാണ് പറയപ്പെടുന്നത്. ഇങ്ങിനെയുള്ള വ്യക്തിക്കെതിരെയാണ് ഈ ആരോപണം എന്നത് വളരെ ഗൗരവമായ വിഷയമാണ്. ഈ വനിതകള്‍ക്ക് പേര് വെളിപ്പെടുത്താന്‍ ഏതെങ്കിലും തരത്തിലുള്ള ഭീതി ഉണ്ടെങ്കില്‍ അവര്‍ ഭയപ്പെടേണ്ടതില്ല. പൂര്‍ണ്ണ പിന്തുണയും സംരക്ഷണവും നല്‍കി സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാകും. നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തില്‍ ചില നിയമപരമായ കാര്യങ്ങള്‍ കൂടി ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി.
ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പേര് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും പൊലീസില്‍ പരാതി നല്‍കാന്‍ അവര്‍ക്ക് കഴിയും. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യും. ഇരകളുടെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടും. ഒരു വനിത, ആരോപണ വിധേയനായ നേതാവിന്റെ പാര്‍ട്ടിയിലെ ഉന്നതരെ പേരുവിവരങ്ങള്‍ സഹിതം അറിയിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
അങ്ങനെയാണെങ്കില്‍, ആ നേതാക്കള്‍ക്ക് നിയമപരമായ ചില ഉത്തരവാദിത്തങ്ങളുണ്ട്. ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം, ഏതെങ്കിലും
വ്യക്തി ഒരു കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞാല്‍ അത് പൊലീസിനെ അറിയിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. ഈ നിയമം ഒരു പൗരന്റെ കടമയായി കണക്കാക്കുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പൊലീസിനെ അറിയിക്കാതിരിക്കുന്നത് നിയമലംഘനമാണെന്നും മന്ത്രി.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ നീതിയുക്തമായ നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ എല്ലാ സഹായവും നല്‍കും. നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ഉറപ്പ് നല്‍കുന്നു. കൂടുതല്‍ ഗൗരവകരമായ വെളിപ്പെടുത്തലുകള്‍ വാര്‍ത്താചാനലുകളില്‍ വന്നു കഴിഞ്ഞു. ആരോപണ വിധേയന്‍ ജനപ്രതിനിധിയെങ്കില്‍ സംഘടനാ സ്ഥാനങ്ങള്‍ മാത്രം രാജിവെച്ചുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരമാകില്ല. സംഘടനയെക്കാള്‍ ആ വ്യക്തി മറുപടി പറയേണ്ടത് സമൂഹത്തോടാണെന്നും മന്ത്രി പറഞ്ഞു.






