കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവ് നീളും. ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ടോള്‍ തടഞ്ഞ നടപടി സെപ്റ്റംബര്‍ 9 വരെ തുടരും. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആയിട്ടില്ലെന്ന് മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തി. റോഡ് നിര്‍മാണം മന്ദഗതിയിലാണെന്നും സര്‍വീസ് റോഡുകള്‍ പൂര്‍ണമായും നവീകരിച്ചിട്ടില്ലെന്നും മോണിറ്ററിങ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി.
ഗതാഗതക്കുരുക്ക് പൂര്‍ണ്ണമായി നീങ്ങുന്നസാഹചര്യത്തില്‍ നിലവിലെ ഉത്തരവ് മാറ്റാന്‍ കക്ഷികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതം പഴപ്പടിയാകുന്നത് വരെ ടോള്‍ പിരിവ് നിര്‍ത്തിവെക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വീണ്ടും നീട്ടാനാകും എന്നതാണ് സുപ്രീംകോടതി വിധി സൂചിപ്പിക്കുന്നത്.
പാലിയേക്കര ടോള്‍ പ്ലാസക്കേസിലെ ടോള്‍ പിരിവ് നാല് ആഴ്ച്ചത്തേക്ക് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ കടുത്ത വിമര്‍ശനത്തോടെ സുപ്രീംകോടതി തള്ളിയിരുന്നു.






