ന്യൂഡല്‍ഹി: ഏഷ്യാകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരം റദ്ദാക്കണമെന്ന ഹര്‍ജിയിലാണു പ്രതികരണം. കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിട്ടുണ്ട്. എന്താണ് ഇത്ര തിരക്കെന്നും അത് വെറുമൊരു മത്സരം മാത്രമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ മത്സരം നടക്കുന്നത് ദേശീയ താല്‍പര്യത്തിനു വിരുദ്ധമായ സന്ദേശം നല്‍കുമെന്നും സൈന്യത്തോടുള്ള അനാദരമാണെന്നും ചൂണ്ടിക്കാട്ടി 4 നിയമ വിദ്യാര്‍ഥികളാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്‌ണോയി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
‘ഞായറാഴ്ചയാണ് മത്സരം നടക്കുന്നത്. അതില്‍ ഇനി എന്തു ചെയ്യാനാണ്?’ സുപ്രീം കോടതി ചോദിച്ചു. ഞായറാഴ്ച ദുബായില്‍ വച്ചാണ് ഏഷ്യാകപ്പിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം. മത്സരം നേരത്തേ തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്നും എല്ലാ അനുമതിയും ലഭിച്ചതാണെന്നും ബിസിസിഐ നേരത്തേ പ്രതികരിച്ചിരുന്നു.






