ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദന്‍ വേഷമിടുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ വീര്‍ റെഡ്ഡി എം ആണ്. ‘മാ വന്ദേ’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാര്‍ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ ഇടം നേടിയ ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ ചിത്രീകരിക്കുന്നതിനാണ് ഈ ചിത്രം തയ്യാറാക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം കുട്ടിക്കാലം മുതല്‍ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ഉയര്‍ച്ചയെ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കും.
അദ്ദേഹത്തിന്റെ യാത്രയിലുടനീളം സമാനതകളില്ലാത്ത പ്രചോദനത്തിന്റെ ഉറവിടമായി നിലകൊണ്ട, അദ്ദേഹത്തിന്റെ അമ്മയായ ശ്രീമതി ഹീരാബെന്‍ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ അത്യാധുനിക വിഎഫ്എക്‌സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച് ആണ് ഈ ചിത്രം തങ്ങള്‍ ഒരുക്കുന്നത് എന്ന് നിര്‍മ്മാതാക്കളായ സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് അറിയിച്ചു. പാന്‍ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിര്‍മ്മിക്കും. പ്രചോദനാത്മകമായ ഈ ജീവചരിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ഒരു സിനിമാ അനുഭവം നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഛായാഗ്രഹണം – കെ. കെ. സെന്തില്‍ കുമാര്‍ ഐ. എസ്. സി, സംഗീതം- രവി ബസ്രൂര്‍, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സാബു സിറില്‍, ആക്ഷന്‍- കിംഗ് സോളമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ഗംഗാധര്‍ എന്‍എസ്, വാണിശ്രീ ബി, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്- ടിവിഎന്‍ രാജേഷ്, കോ-ഡയറക്ടര്‍- നരസിംഹ റാവു എം, മാര്‍ക്കറ്റിംഗ് – വാള്‍സ് ആന്‍ഡ് ട്രെന്‍ഡ്‌സ്, പിആര്‍ഒ- ശബരി






