പത്തനംതിട്ട : നഗരസഭയുടെ അഭിമാന പദ്ധതിയായി വിശേഷിപ്പിക്കുന്ന പുതിയ ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം 30ന് വൈകുന്നേരം 4 മണിക്ക് നടക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. സ്റ്റാൻഡിന്റെ നിർമാണ ജോലികൾ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. നിർമാണത്തിനായി നഗരസഭയുടെ പ്ലാൻ ഫണ്ട് വിനിയോഗിക്കാൻ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും ജോലികൾ വൈകിയാണ് ആരംഭിച്ചത്. ഇപ്പോൾ 34 ലക്ഷം രൂപയുടെ അധിക ഫണ്ടും അനുവദിച്ചിട്ടുണ്ട്. മുടങ്ങിക്കിടന്ന കലുങ്ക് നിർമാണം തുടങ്ങി. മോട്ടോർ വാഹന വകുപ്പിന്റെ നിർദേശ പ്രകാരമുള്ള പ്രവർത്തനങ്ങളും പ്രവേശന കവാട നിർമ്മാണവും പുരോഗമിക്കുന്നു. അനുമതി വൈകിയാലും ഉദ്ഘാടനം നടത്തുകയും ശേഷിക്കുന്ന ജോലികൾ ഉടൻ പൂർത്തിയാക്കുകയുമാണ് തീരുമാനം.
പുതിയ സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കുന്നതോടെ പന്തളം ജംക്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.2023 ഓഗസ്റ്റ് 17ന് മുൻ അധ്യക്ഷ സുശീല സന്തോഷിന്റെ നേതൃത്വത്തിൽ പദ്ധതി ഉദ്ഘാടനം നടന്നിരുന്നു. 40 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചിരുന്നത്. ഇതിനകം കാത്തിരിപ്പ് കേന്ദ്രം, ഇരിപ്പിടങ്ങൾ, കടമുറികൾ, പൊക്കവിളക്ക്, കെഎസ്ആർടിസിക്ക് സമീപത്തെ ശുചിമുറി ബ്ലോക്ക് എന്നിവ നിർമിച്ചു. പ്രവേശന വഴികളും മൈതാനവും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
സ്റ്റാൻഡിന്റെ വടക്കുഭാഗത്തെ നീർച്ചാലിന്റെ അതിർത്തിയിൽ വേലി സ്ഥാപിക്കുന്നതിനും പ്രവേശന വഴിയിലെ പക്ഷിക്കൂട്ടങ്ങളെ ഒഴിവാക്കുന്നതിനും നടപടികൾ പുരോഗമിക്കുകയാണ്. എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷം മോട്ടോർ വാഹന വകുപ്പിന്റെ അന്തിമ അനുമതി തേടും.






