ഭോപാൽ: കാളിസിന്ധ് നദിയിലേക്ക് കാർ മറിഞ്ഞ് അപകടത്തിൽപ്പെട്ട, ബിജെപി നേതാവ് മഹേഷ് സോണിയുടെ മകൻ വിശാൽ സോണിക്കുവേണ്ടി മധ്യപ്രേദേശ് പോലീസും ദുരന്തനിവാരണസേനയും പത്തുദിവസത്തോളം തിരച്ചിൽ നടത്തി. നദിയിൽനിന്ന് കാർ കണ്ടെത്തിയെങ്കിലും ആളെ കിട്ടിയില്ല. ഒടുവിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ വിശാൽ മഹാരാഷ്ട്രയിലുണ്ടെന്ന് കണ്ടെത്തിയത്. മഹാരാഷ്ട്ര പോലീസിന്റെ സഹായത്തിൽ കസ്റ്റഡിയിലെടുത്തതോടെ പുറത്തുവന്നത് വലിയൊരു തട്ടിപ്പിനുള്ള ശ്രമമാണ്. വിശാൽ സോണിക്കുവേണ്ടി 20 കിലോമീറ്ററോളം പരിധിയിൽ പത്തുദിവസത്തോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനമാണ് നടത്തിയത്.
1.40 കോടി രൂപയുടെ കടത്തിൽനിന്ന് രക്ഷപ്പെടുന്നതിനായി വിശാൽ സോണി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചെടുക്കുകയായിരുന്നു. മധ്യപ്രദേശിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ വിശാൽ മഹാരാഷ്ട്രയിൽ ഒളിവിൽക്കഴിയുകയായിരുന്നു.
സെപ്റ്റംബർ അഞ്ചിനാണ് കാളിസിന്ധ് നദിയിൽ ഒരു കാർ മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചത്. രാജ്ഗഢ് ബിജെപി നേതാവ് മഹേഷ് സോണിയുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞതോടെ തിരച്ചിൽ വിപുലമാക്കി. ഏകദേശം രണ്ടാഴ്ചയോളം തിരഞ്ഞെങ്കിലും ഒരുതുമ്പും കിട്ടാതായത് ചില സംശയങ്ങൾക്ക് വഴിവെച്ചു. തുടർന്ന് പോലീസ് മൊബൈൽ ഫോൺ നമ്പർ പിന്തുടർന്നതോടെ വിശാൽ മഹാരാഷ്ട്രയിലുണ്ടെന്ന് വ്യക്തമായി. മഹാരാഷ്ട്ര പോലീസിന്റെ സഹായംതേടിയ മധ്യപ്രദേശ് പോലീസ് സംഭാജി നഗർ ജില്ലയിലെ ഫർദാപുർ പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് വിശാലിനെ കസ്റ്റഡിയിലെടുത്തു. കടബാധ്യതയുടെ കാര്യം ചോദ്യംചെയ്യലിൽ വിശാൽ സമ്മതിച്ചു.മരണസർട്ടിഫിക്കറ്റ് ലഭിച്ചാൽ ബാങ്ക് വായ്പകൾ എഴുതിത്തള്ളുമെന്നു കരുതിയാണ് ഇതിന് മുതിർന്നതെന്നും മൊഴിനൽകി. ട്രക്ക് ഡ്രൈവറുടെ സഹായത്തോടെ കാർ നദിയിലേക്ക് തള്ളിയിട്ടശേഷം ഇയാളുടെ ബൈക്കിൽ ഇന്ദോറിലേക്ക് കടന്നു. തന്റെ ‘മരണം’ പത്രങ്ങളിലൂടെ വായിച്ച് ഉറപ്പുവരുത്തിയശേഷമാണ് വിശാൽ മഹാരാഷ്ട്രയിലേക്കു കടന്നത്.






