കൊല്ലം: നാടാർ സംവരണ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അപൂർവ ആർജവം കാണിച്ചുവെന്ന് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രശംസിച്ചു. സഭയ്ക്കൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. അടൂർ ഓൾസെയിൻറ്സ് പബ്ലിക് സ്കൂളിൽ നടന്ന മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള സഭാസംഗമത്തിലാണ് ക്ലീമിസ് ബാവ സംസാരിച്ചത്. സമയക്രമം പാലിച്ച് അയ്യപ്പസംഘമ വേദിയിൽ നിന്ന് ഹെലികോപ്റ്ററിൽ എത്തിച്ചേർന്ന് പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ സമീപനവും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
സഭാസംഗമത്തോടനുബന്ധിച്ച് മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. “ആട്ടിൻതോൽ ധരിച്ച ചെന്നായ്ക്കൾ കേരളത്തിന്റെ സമാധാനത്തെ തകർക്കാൻ ശ്രമിക്കുന്നുണ്ട്. അവരെ ഒറ്റക്കെട്ടായി നേരിടണം. സമൂഹത്തിൽ സമാധാനം നിലനിർത്താൻ എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കണം,” എന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജ്, ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എന്നിവർ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.






