ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും സൂപ്പര്‍താരവുമായ വിജയ്യുടെ സംസ്ഥാന പര്യടനം രണ്ടാം ദിവസത്തില്‍. തീരദേശ ജില്ലയായ നാഗപ്പട്ടണത്തെ ആവേശത്തിലാക്കിയ വിജയ് പൊതുയോഗത്തില്‍ സംസാരിച്ചു. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡ്ഷോയെ കുറിച്ച് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തില്‍ ഇന്ന് കരുതലോടെയായിരുന്നു ടിവികെയുടെ പ്രവര്‍ത്തനങ്ങള്‍. എങ്കിലും വിജയ്യുടെ പ്രചാരണ വാഹനത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ ഓടിയതോടെ ഇന്നും റോഡ്ഷോ ആയി മാറി. പ്രവര്‍ത്തകര്‍ സമ്മാനിച്ച വേല് ഉയര്‍ത്തിയ വിജയ് ആള്‍ക്കൂട്ടത്തെ ഇളക്കിമറിച്ചു. അവസാന 250 മീറ്റര്‍ ദൂരം ഒരു മണിക്കൂറോളം സമയം എടുത്താണ് സഞ്ചരിച്ചത്.
തന്റെ പൊതുയോഗങ്ങള്‍ തടസ്സപ്പെടുത്താന്‍ അനാവശ്യ നിബന്ധനകള്‍ വെക്കുകയാണെന്നാണ് വിജയുടെ ആരോപണം. ആളുകളുടെ ജോലി തടസ്സപ്പെടുത്താതിരിക്കാനും ചിലര്‍ക്ക് വിശ്രമം ലഭിക്കാനുമാണ് ശനിയാഴ്ചകളില്‍ മാത്രം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും വിജയ് പറഞ്ഞു.






