കോഴിക്കോട്: കൊയിലാണ്ടിയിൽ ലോട്ടറികൾ മോഷ്ടിച്ച പ്രതി പിടിയിൽ. കാസർകോട് നെല്ലിക്കുന്ന് സ്വദേശി അബ്ബാസിനെയാണ് പോലീസ് പിടികൂടിയത്. കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ ലോട്ടറി കടയിൽ നിന്നാണ് ഇയാൾ 52 ലോട്ടറികൾ മോഷ്ടിച്ചത്. അടുത്ത ദിവസം നടക്കുന്ന ഓണം ബമ്പർ ഉൾപ്പെടെ 52 ലോട്ടറികളാണ് പ്രതി വീക്കേ ലോട്ടറി സ്റ്റാളിൽ നിന്ന് മോഷ്ടിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടെ പ്രതിയെ തിരിച്ചറിഞ്ഞു. മുമ്പും ഇയാൾ ലോട്ടറി മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.കേസുമായി ബന്ധപ്പെട്ട് കാസർകോട് പൊലീസ് പ്രതിയെ കൊയിലാണ്ടി പൊലീസിന് കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.






