തിരുവനന്തപുരം: വിഴിഞ്ഞം മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വീട്ടിൽ വൻ കവർച്ച നടന്നു. വെണ്ണിയൂരിലുള്ള വീടിന്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 90 പവൻ സ്വർണവും താഴത്തെ നിലയിൽ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയുമാണ് മോഷണം പോയത്. വീട്ടുകാർ സഹോദരന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ സഹോദരിയുടെ വീട്ടിൽ രാത്രി കഴിഞ്ഞിരിക്കെയാണ് കവർച്ച നടന്നത്. വീട്ടുകാരുടെ സാന്നിധ്യം ഇല്ലായിരുന്ന കാര്യം കൃത്യമായി അറിയാവുന്ന ആരോ ആണ് സംഭവം നടത്തിയത് എന്നാണ് സംശയം.വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ്.






