കൊച്ചി: അറബിക്കടലില്‍ കേരള തീരത്ത് എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് 1,227.62 കോടി രൂപ സെക്യൂരിറ്റി ഡിപോസിറ്റായി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നേരത്തേ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണു ഹൈക്കോടതി നിര്‍ദേശം. കപ്പലിന്റെ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ നേരത്തേ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 9,531 കോടി രൂപ കെട്ടിവയ്ക്കുന്നത് വരെ കപ്പല്‍ മോചിപ്പിക്കരുതെന്നായിരുന്നു ഉത്തരവ്. ഈ ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് അബ്ദുല്‍ ഹക്കീമിന്റെ ബെഞ്ച് ഇന്ന് ഭേദഗതി ചെയ്തത്.
നിലവില്‍ നിര്‍ദേശിച്ചിരിക്കുന്ന തുക കെട്ടിവച്ചതിനുശേഷം അക്കിറ്റേറ്റ 2 കപ്പല്‍ മോചിപ്പിക്കുന്നതില്‍ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, നഷ്ടപരിഹാരമായി 133 കോടി രൂപ മാത്രമേ നല്‍കാനാകൂ എന്നാണ് കപ്പല്‍ കമ്പനി പറയുന്നത്. കമ്പനി നല്കിയ പത്രപരസ്യപ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിരവധി പേര് കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഇതടക്കമുള്ള വിഷയങ്ങള്‍ ഈ മാസം 30ന് കോടതി വീണ്ടും പരിഗണിക്കും.
പരിസ്ഥിതിനാശമടക്കം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ 9,531 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് കപ്പല്‍ കമ്പനി നിരാകരിച്ചിരുന്നു. 133 കോടി രൂപയ്ക്കു മാത്രമേ സംസ്ഥാനത്തിന് അര്‍ഹതയുള്ളൂ എന്നായിരുന്നു കപ്പല്‍ കമ്പനിയുടെ നിലപാട്. മാത്രമല്ല, അപകടമുണ്ടാക്കിയ കപ്പലിന്റെ ഉടമസ്ഥത സംബന്ധിച്ചും കമ്പനി എതിര്‍പ്പുന്നയിച്ചിരുന്നു. അതിനിടെയാണ് കോടതി 1,227.61 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മേയ് 24ന് മുങ്ങിയ കപ്പല്‍ ഇപ്പോഴും കടലിനടിയില്‍ കിടക്കുകയാണ്. തോട്ടപ്പിള്ളി സ്പില്‍വേയില്‍ നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയ സ്ഥലം. എന്നാല്‍ ഇത് കേരളത്തിന്റെ കടല്‍ അധികാരപരിധിയില്‍ അല്ലെന്നാണ് കപ്പല്‍ കമ്പനി വാദിക്കുന്നത്.




