തിരുവനന്തപുരം: പുതിയ ഭാരവാഹികളുടെ പ്രഖ്യാപനത്തോടൊപ്പം ഡിസിസി അധ്യക്ഷന്മാരുടെ മാറ്റത്തിലും ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി കെപിസിസി നേതൃത്വം. തൃശ്ശൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും പുതുമുഖങ്ങളെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരുന്നതാണ് ലക്ഷ്യം.
പുതിയ പേരുകളെ കുറിച്ചുള്ള തര്‍ക്കങ്ങളാണ് പ്രധാന വെല്ലുവിളി. നേരത്തെ സമര്‍പ്പിച്ച ജംബോ പട്ടിക ദേശീയ നേതൃത്വം മുറുക്കി ഒതുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം തെരഞ്ഞെടുപ്പിന് മുന്നോടിയായി പുനസംഘടന തീര്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി.
തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ച പേരുകളെ ചില വിഭാഗങ്ങള്‍ എതിർക്കുകയാണ്. വയനാട്ടില്‍ എൻഡി അപ്പച്ചനും, തിരുവനന്തപുരത്ത് പാലോട് രവിയും രാജിവെച്ചതോടെ, എൻ ശക്തൻ താല്‍ക്കാലിക ചുമതലയിലാണ്. 13 ജില്ലകളിലും സമവായം കണ്ടെത്താനാണ് ശ്രമം.
കെപിസിസി ഭാരവാഹി പട്ടികയും, ഒഴിവുകള്‍ നികത്തിയും പുതിയ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഏകദേശം 80 പേരെ സെക്രട്ടറിമാരാക്കാനുള്ള സാധ്യതയുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കണമെന്ന ആവശ്യം കൂടി ശക്തമാണ്. ദേശീയ സെക്രട്ടറി ബിനു ചുള്ളി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിൻ വര്‍ക്കി, ഒജെ ജനീഷ് എന്നിവരാണ് പരിഗണനയിലുള്ളത്. കെഎം അഭിജിത്തിനായി എ ഗ്രൂപ്പ് വാദിക്കുന്നുണ്ടെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ ഇല്ലെന്ന കാരണമാണ് തടസ്സമാകുന്നത്.






