ചെന്നൈ: കരൂരിലെ റാലിയില്‍ ടിവികെ പൊലീസ് നിര്‍ദ്ദേശം ലംഘിച്ചുവെന്ന് കണ്ടെത്തല്‍. റാലിക്കായി പൊലീസ് നല്കിയ 11 നിര്‍ദ്ദേശങ്ങളും ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് ഒരു ടിവികെ ഭാരവാഹി കൂടി അറസ്റ്റിലായി. പരിപാടി നടത്തിപ്പിന് ചുമതലുള്ള പത്ത് പേരില്‍ ഒരാളായ കരൂര്‍ സൗത്ത് സിറ്റി ട്രഷറര്‍ പൗന്‍രാജാണ് അറസ്റ്റിലായത്. മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളും ലംഘിച്ചതോടെയാണ് അപേക്ഷകനായ ജില്ലാ ട്രഷററെ അറസ്റ്റ് ചെയ്തത്.
നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ജീവന് നഷ്ടപ്പെടും എന്ന മുന്നറിയിപ്പ് പൊലീസ് നല്‍കിയിരുന്നു. പൗന്‍രാജ് ആണ് പരിപാടിക്ക് അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചത്. അതേസമയം കരൂരിലെ അപകടത്തില്‍ കൂടുതല്‍ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍ എന്നിവരുടെ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. അതിനിടെ, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് ഉടന്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കും.




