കോഴിക്കോട് :ചേവായൂരിൽ മോഷണ പരമ്പര നടത്തിയ അഖിലിന്റെ വീട്ടിൽ നിന്നും തൊണ്ടി മുതൽ കണ്ടെത്തി. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 38 പവൻ സ്വർണം, മൂന്ന് ലക്ഷം രൂപ, ഡിജിറ്റൽ ക്യാമറ, ആപ്പിൾ ഹെഡ്സെറ്റ്, ലാപ്‌ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തി.
കക്കോടി, എലത്തൂർ പ്രദേശങ്ങളിൽ ആളില്ലാത്ത വീടുകളിലായിരുന്നു അഖിലിന്റെ മോഷണങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ നിന്നും 25 പവൻ സ്വർണം കവർന്നത്. മോഷ്ടിച്ച തുക ഉപയോഗിച്ച് ലാപ്‌ടോപ് വാങ്ങിയതായി അഖിൽ മൊഴി നൽകി. കൂടാതെ, പത്ത് വിദേശ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.
മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ട പ്രതിയെ ഇന്നലെ പൊലീസ് പിടികൂടുകയായിരുന്നു. സാമ്പത്തിക ബാധ്യതകൾ മൂലം മോഷണം നടത്തിയതാണെന്ന് പ്രതി മൊഴി നൽകിയത് . പൊലീസ് അഖിലിനായി മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷിച്ചിരിക്കുന്നു.
അതേസമയം, ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടിൽ കയറി 40 പവൻ സ്വർണം കവർന്ന കേസിലും അന്വേഷണം തുടരുകയാണ്. ആദ്യ നിരീക്ഷണത്തിൽ, പ്രതി ഇതര സംസ്ഥാനക്കാരനായി പോലീസ് നിഗമനമുണ്ട്.










