പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ആക്ഷേപവുമായി ബി.ജെ.പി രംഗത്ത്. ഒക്ടോബർ 7-ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് പ്രഖ്യാപിച്ചു.
“സർക്കാരിന് ഇതിൽ ഭയം ഒന്നുമില്ലെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികളായ സിബിഐയെ അന്വേഷണത്തിന് ഏൽപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ പാർട്ടി കോടതിയെ സമീപിക്കും,” എന്ന് കൃഷ്ണദാസ് പറഞ്ഞു. സ്വർണപ്പാളി വിവാദം സർക്കാരിന്‍റെ ഇരുണ്ട മുഖം പുറത്തെടുത്തതാണെന്നും, ഇതിനേക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2019-ൽ തന്നെ ശബരിമലയിലെ കൊള്ള നടന്നു. ദേവസ്വം ബോർഡ്, മന്ത്രി, സര്‍ക്കാര്‍ ഉദ്യോഗസ്ഥർ തുടങ്ങി പലതരത്തിലുമുള്ള വ്യക്തികളുടെ പങ്കാളിത്തം ഇതിലുണ്ടെന്നാണ് കൃഷ്ണദാസ് ആരോപിച്ചത്. “ഇത് വെറും ഇടനിലക്കാർ നടത്തിയ മോഷണമല്ല. ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെയാണ് കോടികളുടെ സ്വർണമോഷണം നടന്നത്,” എന്നും അദ്ദേഹം പറഞ്ഞു.






