തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലെ പോരാട്ടവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിൽ. മത്സരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നവംബറില്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ലോകതാരങ്ങളുടെ മത്സരത്തിന് വേദിയാകുന്നത്. മത്സരം ലോകോത്തര നിലവാരത്തില്‍ സംഘടിപ്പിക്കുന്നതിനായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. സ്റ്റേഡിയം, ഫാൻമീറ്റുകൾ, സുരക്ഷ, ആരോഗ്യ സേവനങ്ങൾ, ശുദ്ധജല വിതരണം, വൈദ്യുതി, മാലിന്യ സംസ്‌കരണ സംവിധാനം എന്നിവയുടെ സജ്ജീകരണത്തിനുള്ള ചർച്ചകളും യോഗത്തിൽ നടന്നു.
ലക്ഷക്കണക്കിന് ആരാധകർ എത്തുമെന്ന് കണക്കാക്കുന്ന സാഹചര്യത്തിൽ കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും പ്രത്യേക പദ്ധതി തയ്യാറാക്കാനും തീരുമാനമായി. ഫാൻ മീറ്റുകൾക്ക് സാദ്ധ്യതകളും പരിഗണനയിലുണ്ട്. ഫിഫയുടെ മാർഗ്ഗനിർദ്ദേശപ്രകാരം നിലവിൽ സ്റ്റേഡിയത്തിൽ 34,000 പേർക്ക് മാത്രമാണ് പ്രവേശനാനുമതി. അതിനാൽ കാണികൾക്കുള്ള മറ്റ് ക്രമീകരണങ്ങളും പരിശോധിക്കപ്പെടും. വലിയ തിരക്ക് ഉണ്ടാകുമ്പോൾ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗങ്ങൾക്കുറിച്ചും യോഗത്തിൽ ആലോചന നടന്നു.
മത്സരവുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും ഏകോപിപ്പിക്കാൻ ഒരു ഐഎഎസ് ഓഫീസറെ നിയമിക്കും. സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പ്രവർത്തിക്കും. ജില്ലാതലത്തില്‍ കലക്ടര്‍ ചുമതലയേല്‍ക്കും.






