ഒരുവശത്ത് കന്യാസ്ത്രീകൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമുദായത്തെ നടുറോഡിലിട്ട് തല്ലിച്ചതയ്ക്കുകയും പള്ളികൾക്ക് നേരെ കല്ലെറിയുകയും ചെയ്യുക, മറുവശത്ത് അതേ സമുദായത്തിൻ്റെ വോട്ടിനായി മെത്രാൻമാരുടെ അരമനകളിലെത്തി അനുരഞ്ജപ്പെടുക തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാണാൻ കഴിയുന്ന കാഴ്ചയാണ്.
ഈ ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയോടും സംഘപരിവാറിനോടും അല്ലാതെ മറ്റാരോടാണ് താരതമ്യം ചെയ്യാനാവുക? ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകൾ സംഘപരിവാർ ഭീകരതയുടെ ഇരകളായതിന്റെ ഓർമ്മകൾ മായും മുൻപേ, കേരളത്തിലെ ക്രൈസ്തവ വോട്ടുകൾ പെട്ടിയിലാക്കാൻ പുതിയ അനുനയ നാടകവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ അരമനകൾ കയറിയിറങ്ങുകയാണ്. പാലാ ബിഷപ്പുമായുള്ള അദ്ദേഹത്തിന്റെ പുതിയ കൂടിക്കാഴ്ച, ഈ തന്ത്രപരമായ കാപട്യത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് .
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുകയും, മാസങ്ങൾക്കപ്പുറം കേരളം നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ചൂടിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ, പതിറ്റാണ്ടുകളായി തങ്ങൾക്ക് ബാലികേറാമലയായി തുടരുന്ന കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി. ഹിന്ദു വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും, പരമ്പരാഗത വോട്ട് ബാങ്കായ നായർ വിഭാഗം ഇടതുപക്ഷതതേക്ക് ചായുകയും, ചെയ്തതോടെയാണ് കേരളത്തിലെ നിർണായക ശക്തിയായ ക്രൈസ്തവ സമൂഹത്തിലേക്ക് ബിജെപി തങ്ങളുടെ ശ്രദ്ധ കൂടുതലായി ഇപ്പോൾ തിരിക്കുന്നത് .
എന്നാൽ, ഈ സ്നേഹ പ്രകടനത്തിന് പിന്നിൽ മറഞ്ഞിരിക്കുന്നത് സംഘപരിവാറിന്റെ തനിനിറമാണെന്ന് തിരിച്ചറിയാൻ ക്രൈസ്തവ സഭകൾക്ക് അധികം സമയം വേണ്ടിവന്നില്ല. രാജീവ് ചന്ദ്രശേഖരൻ പാലാ ബിഷപ്പിൻ്റെ കൈപിടിച്ച് ചിരിക്കുമ്പോൾ, ഏതൊരു വിശ്വാസിയുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് ഛത്തീസ്ഗഡിലെയും, മണിപ്പൂരിലെയും, മധ്യപ്രദേശിലെയും കാഴ്ചകളാണ്. നിർബന്ധിത മതപരിവർത്തനം എന്ന സ്ഥിരം നുണപ്രചാരണം നടത്തിക്കൊണ്ട്, ബജ്റംഗ്ദൾ പ്രവർത്തകർ മലയാളി കന്യാസ്ത്രീകളെയും വൈദികരെയും ക്രൂരമായി മർദ്ദിച്ച സംഭവം കേരളത്തിൻ്റെ മനസ്സാക്ഷിയെ ഞെട്ടിച്ചതാണ്.
ഫോണുകൾ പിടിച്ചുവാങ്ങി, പരസ്യമായി അപമാനിച്ച്, പോലീസ് നോക്കിനിൽക്കെ നടത്തിയ ആ ആക്രമണം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയുടെ നേർക്കാഴ്ചയായിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ കത്തോലിക്കാ സഭ, ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ അതിശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ആ മുറിവുണങ്ങും മുൻപാണ് ഇപ്പോൾ അതേ നേതാക്കൾ സഭയുടെ പിന്തുണ തേടി എത്തുന്നത്. മെയ്തേയ്-കുക്കി വംശീയ സംഘർഷത്തിൽ മണിപ്പൂരിൽ ക്രൈസ്തവർക്കെതിരായ ആക്രമണമണം ലോകം കണ്ടതാണ് . നൂറുകണക്കിന് പള്ളികൾ തകർക്കപ്പെട്ടു, ആയിരക്കണക്കിന് ക്രൈസ്തവർ അഭയാർത്ഥികളായി, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. മാസങ്ങളോളം ആളിപ്പടർന്ന ആ തീ അണയ്ക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ചെറുവിരൽ പോലും അനക്കിയില്ലെന്നത് ചരിത്രത്തിലെ കറുത്ത സത്യമാണ്.
കേരളത്തിലെ ക്രൈസ്തവരെ അനുനയിപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ തന്നെയാണ്, ആർഎസ്എസ് മുഖപത്രമായ ‘കേസരി’യിൽ നിർബന്ധിത മതപരിവർത്തന ത്തെക്കുറിച്ച് ലേഖനം വന്നത്. ഹിന്ദു ഐക്യവേദി നേതാവ് എഴുതിയ ലേഖനം, ക്രൈസ്തവ സഭകൾ ഒരു “ക്രിസ്ത്യൻ രാഷ്ട്രം” സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് വരെ ആരോപിച്ചു. ഇതിനെതിരെ സഭയുടെ മുഖപത്രമായ ‘ദീപിക’ അതിരൂക്ഷമായി പ്രതികരിക്കുകയും, ഇത് സംഘപരിവാറിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നുവെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു . ഈ സംഭവങ്ങളെല്ലാം നൽകുന്ന സന്ദേശം വ്യക്തമാണ് ദേശീയ തലത്തിൽ ക്രൈസ്തവരെ ശത്രുപക്ഷത്ത് നിർത്തുകയും, കേരളത്തിൽ മാത്രം തിരഞ്ഞെടുപ്പ് വരുമ്പോൾ അവരെ മിത്രങ്ങളാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ബിജെപിയുടെ ഇരട്ടത്താപ്പ്.
ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എടുത്ത നിലപാടുകൾ ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. പരമ്പരാഗതമായി കോൺഗ്രസ്സിനും ബിജെപിക്കും ലഭിച്ചിരുന്ന നായർ വോട്ടുകളിൽ ഒരു പങ്ക് ഇടതുപക്ഷത്തേക്ക് പോയതും, ഈഴവ വോട്ടുകൾ ഇടതുപക്ഷത്ത് ഉറച്ചുനിന്നതും ബിജെപിയെ പുതിയ വഴികൾ തേടാൻ ബിജെപി നിർബന്ധത്തിൽ ആക്കുന്നത്
കോട്ടയത്ത് ചേർന്ന ബിജെപിയുടെ ഔട്ട് റീച്ച് സെൽ യോഗത്തിൽ, ക്രൈസ്തവ സമൂഹത്തെ കൂടെ നിർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോട്ടയം രൂപതാധ്യക്ഷനെയും ഇപ്പോൾ പാലാ ബിഷപ്പിനെയും രാജീവ് ചന്ദ്രശേഖരൻ സന്ദർശിച്ചിരിക്കുന്നത്. ബിജെപിയുടെ ഈ സ്നേഹപ്രകടനത്തെ ക്രൈസ്തവ സഭകൾ കാണുന്നത് പ്രതീക്ഷയോടെയും അതേസമയം സംശയത്തോടെയുമാണ്. റബ്ബർ വിലയിടിവ്, കർഷകരുടെ പ്രശ്നങ്ങൾ, എന്നിവയെല്ലാം മുതലെടുത്ത് ക്രൈസ്തവ സമൂഹത്തിന്റെ രക്ഷകരായി അവതരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ, ഈ വാഗ്ദാനങ്ങൾ വിശ്വസിക്കാൻ സഭാനേതൃത്വവും വിശ്വാസികളും പൂർണ്ണമായും തയ്യാറായിട്ടില്ല. കാരണം, ഒരു കവിളത്ത് തലോടുമ്പോൾ മറുകവിളത്ത് അടിക്കുന്ന സംഘപരിവാറിന്റെ രീതി അവർക്ക് നന്നായി അറിയാം.
ഛത്തീസ്ഗഡിലെയും മണിപ്പൂരിലെയും ചോരപ്പാടുകൾ മായും മുൻപ്, തിരഞ്ഞെടുപ്പ് എന്ന ഒറ്റ ലക്ഷ്യം മുന്നിൽ കണ്ട് നടത്തുന്ന ഈ അരമന സന്ദർശനങ്ങളെ കേരളത്തിലെ പ്രബുദ്ധരായ ക്രൈസ്തവ സമൂഹം എങ്ങനെ വിലയിരുത്തുമെന്നത് നിർണായകമാണ്. ഇത് കേവലം ഒരു രാഷ്ട്രീയ നാടകമാണോ, അതോ ആത്മാർത്ഥമായ ഒരു മാറ്റത്തിന്റെ തുടക്കമാണോ എന്ന് കാലം തെളിയിക്കും. എന്തായാലും, ഒരു കാര്യം വ്യക്തമാണ് വടക്കേ ഇന്ത്യയിലെ പരീക്ഷണശാലകളിൽ പയറ്റിത്തെളിഞ്ഞ വിദ്വേഷത്തിന്റെ രാഷ്ട്രീയം ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ വിലപ്പോവില്ലെന്ന് സംഘപരിവാർ തിരിച്ചറിയുന്ന കാലം വിദൂരമല്ല.






