ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് പാകിസ്ഥാൻ രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ നേടിയ ജയമാണ് പാകിസ്ഥാനെ ഇന്ത്യയ്ക്ക് മുകളിലേക്കുയർത്തിയത്. ഒരു ടെസ്റ്റ് മാത്രം കളിച്ച പാകിസ്ഥാൻ 12 പോയിന്റും 100 ശതമാനം പോയിന്റ് അനുപാതവുമായാണ് രണ്ടാമതെത്തിയത്.
ഇതോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ഏഴ് ടെസ്റ്റ് കളിച്ച ഇന്ത്യ നാല് ജയങ്ങളും രണ്ട് തോൽവിയും ഒരു സമനിലയും നേടി 52 പോയിന്റും 61.90 ശതമാനവുമായാണ് ഇപ്പോൾ നാലാം സ്ഥാനത്ത്. വെറും രണ്ട് ടെസ്റ്റുകൾ മാത്രം കളിച്ച് ഒരു ജയവും ഒരു സമനിലയും നേടി 16 പോയിന്റും 66.67 ശതമാനവുമായ ശ്രീലങ്ക മൂന്നാം സ്ഥാനത്താണ്.
വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് ടെസ്റ്റും ജയിച്ച് 36 പോയിന്റും 100 ശതമാനവുമായ ഓസ്ട്രേലിയയാണ് പട്ടികയിൽ ഒന്നാമത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചക്രത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ ടെസ്റ്റ് കളിച്ച ടീം ഇന്ത്യ തന്നെയാണ്.
ഇംഗ്ലണ്ട് അഞ്ചു ടെസ്റ്റുകളിൽ രണ്ട് ജയവും രണ്ട് തോൽവിയും ഒരു സമനിലയും നേടി 26 പോയിന്റും 43.33 ശതമാനവുമായ അഞ്ചാം സ്ഥാനത്താണ്. രണ്ട് ടെസ്റ്റുകൾ കളിച്ച് ഒരു തോൽവിയും ഒരു സമനിലയും നേടിയ ബംഗ്ലാദേശ് നാലു പോയിന്റും 16.67 ശതമാനവുമായ ആറാം സ്ഥാനത്ത്. ഇതുവരെ കളിച്ച അഞ്ച് ടെസ്റ്റുകളും തോറ്റ വെസ്റ്റ് ഇൻഡീസ് ഏഴാമതും.
പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ഫലം അനുസരിച്ച് പോയിന്റ് പട്ടികയിൽ വീണ്ടും മാറ്റം സംഭവിക്കാനിടയുണ്ട്. ന്യൂസിലാൻഡ് ഇതുവരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല.










