പാലക്കാട്: കോൺഗ്രസ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ കടയിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ചു. സംഭവം പെരിങ്ങോട്ടുകുർശ്ശിയിലാണ് നടന്നത്. കോൺഗ്രസ് പ്രവർത്തകനായ സുജിത്ത് ചന്ദ്രനാണ് മർദ്ദനമേറ്റത്.
സിപിഎം ലോക്കൽ സെക്രട്ടറി സതീഷ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സജിത എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് ആക്രമണം നടത്തിയത് . സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം ശക്തമായി.
സിപിഎം കുഴൽമന്ദം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ സജിതയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കത്തയച്ചത് സുജിത്ത് ചന്ദ്രനാണെന്നാരോപിച്ചാണ് മർദ്ദനം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സതീഷ്, സജിത എന്നിവരുള്‍പ്പെടെ ആറുപേർക്കെതിരെ കോട്ടായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, പ്രതികൾ സിപിഎം പ്രവർത്തകരായതിനാൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ലഘു വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് സുജിത്ത് ആരോപിച്ചു. വിഷയത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് സുജിത്ത് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.




