തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി അഭിപ്രായ വ്യത്യാസത്തിലാണ് സിപിഐ. നേരത്തെ യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിച്ച പാർട്ടിയാണ് സിപിഐ. വരുന്ന തിരഞ്ഞെടുപ്പിൽ ഒരുമിച്ചു പോകാൻ കഴിയുമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അടൂർ പ്രകാശ് പറഞ്ഞു.
സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളോടൊപ്പം സഹകരിക്കണമെന്ന് യുഡിഎഫ് കൺവീനറായി വന്ന നാൾ മുതൽ ഞാൻ പറയുന്നുണ്ട്. സിപിഐ യുഡിഎഫുമായി സഹകരിച്ച് വരുന്ന തിരഞ്ഞെടുപ്പിൽ മുമ്പോട്ട് പോകണം എന്നതാണ് വ്യക്തിപരമായ അഭിപ്രായം. സിപിഐയുമായി പലവട്ടം ചർച്ച നടന്നെന്നും തുടർ ചർച്ചകൾക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നും അടൂർ പ്രകാശ് അറിയിച്ചു.





