തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 236 പോയിന്റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം.
തുടര്‍ച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 20 പോയിന്റിന്റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്.
എന്നാല്‍ 400 മീറ്ററില്‍ പാലക്കാടിന്റെ കുതിപ്പായിരുന്നു. വടവന്നൂര്‍ സ്കൂളിലെ താരങ്ങളുടെ മികവില്‍ പാലക്കാട് 3 പോയിന്റിന്റെ ലീഡിലേക്കെത്തി. എന്നാല്‍ റിലേ മത്സരത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ മലപ്പുറത്തിന് സാധിച്ചു. പാലക്കാടിനെ മറികടന്ന് കിരീടനേട്ടത്തിലേക്ക് എത്താന്‍ മലപ്പുറത്തിന് കഴിഞ്ഞു. മീറ്റില്‍ ഒരു മത്സരം കൂടി പൂര്‍ത്തിയാകാനുണ്ട്.
ആ മത്സരഫലം എന്തായാലും കിരീടം മലപ്പുറത്തിന് തന്നെയായിരിക്കും. പാലക്കാടിന് 205 പോയിന്റ് മാത്രമാണുള്ളത്. 2024 ല്‍ കൊച്ചിയില്‍ 247 പോയിന്റുമായിട്ടാണ് മലപ്പുറം കിരീടം നേടിയത്.




