കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജിസിഡിഎ യോഗം ഇന്ന് ചേരും.
ഇന്ന് രാവിലെ 10.30 ന് കടവന്ത്രയിലെ ജിസിഡിഎ ആസ്ഥാനത്താകും യോഗം നടക്കുക. അര്‍ജന്റീന ടീമിന്റെ മത്സരം കൊച്ചിയില്‍ സംഘടിപ്പിക്കുമെന്ന് പറഞ്ഞ രംഗത്തുവന്ന സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയം കൈമാറിയത്തില്‍ വീഴ്ചകള്‍ ഉണ്ടായി എന്ന വിമര്‍ശനം യോഗത്തില്‍ ചര്‍ച്ചയാവും.
ജിസിഡിഎ ഭരണസമിതി യോഗത്തില്‍ വിഷയം ഉന്നയിക്കപ്പെടാനാണ് സാധ്യത. കരാറില്‍ ദുരൂഹതയുണ്ടെന്നുള്ള ആരോപണം കോണ്‍ഗ്രസ് സ്വീകരിക്കുന്നതിനിടയിലാണ് ഇന്ന് നിര്‍ണായക ജിസിഡിഎ യോഗം ചേരുന്നത്.
അന്താരാഷ്ട്ര മത്സരത്തിന്റെ പേരില്‍ കൊച്ചിയില്‍ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ഐ എസ് എല്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ ജിസിഡിഎയ്ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടോ എന്നതും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.
അതേസമയം, യോഗം നടക്കുന്ന കടവന്ത്രയിലെ ജിസിഡിയെ ഓഫീസിലേക്ക് പ്രതിഷേധങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറിയതെന്നാണ് ജിസിഡിഎ നല്‍കിയിരിക്കുന്ന വിശദീകരണം.


