മലയാള സിനിമ കാലങ്ങളായി കണ്ടു ശീലിച്ച ഹൊറർ ഫ്രെയിമുകളിൽ നിന്നും വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിക്കുന്ന ചിത്രങ്ങളായിരുന്നു രാഹുൽ സദാശിവന്റെ ഭൂതകാലവും, ഭ്രമയുഗവും. അതുകൊണ്ട് തന്നെ ഹൊറർ ചിത്രങ്ങളിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്ടിക്കാൻ അദ്ദേഹത്തിന് ചുരുങ്ങിയ കാലംകൊണ്ടുതന്നെ സാധിച്ചിട്ടുണ്ട്. അവസാനമിറങ്ങിയ രണ്ട് ചിത്രങ്ങളും വലിയ രീതിയിലുള്ള പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രമായതുകൊണ്ട് തന്നെ ചെറുതല്ലാത്ത ഒരു ഹൈപ്പ് സിനിമാപ്രേമികൾക്കിടയിൽ ഡീയസ് ഈറെയ്ക്കും ഉണ്ടായിരുന്നു.. അത്തരത്തിലുള്ള എല്ലാ പ്രതീക്ഷകളും കാത്തുസൂക്ഷിക്കുന്ന ഒരു ചിത്രം തന്നെയായിരുന്നു രാഹുൽ സദാശിവൻ പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ‘ഡീയസ് ഈറെ’. ക്രോധത്തിന്റെ ദിനം എന്നർത്ഥം വരുന്ന ഡീയസ് ഈറെ എന്ന ലാറ്റിൻ വാക്ക് പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന ഒന്നായിരുന്നു. ശരിക്കും പറഞ്ഞാൽ മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറെ. ക്രോധത്തിന്റെ ദിനമെന്ന് അർത്ഥം വരുന്ന ഡീയസ് ഈറെ ഗ്രിഗോറിയൻ കത്തോലിക്ക വൈദികർ രൂപപ്പെടുത്തിയ പ്രാർത്ഥന ഗീതത്തിന്റെ പേരാണ്.
‘ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘ഡീയസ് ഈറെ’യ്ക്ക് മികച്ച പ്രതികരണമാണ് ടിയറ്ററുകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിന് മുന്നോടിയായി വ്യാഴാഴ്ച കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ ചിത്രത്തിന് പ്രീമിയർ ഷോകൾ നടന്നിരുന്നു. എങ്ങും മികച്ച പ്രതികരണങ്ങൾ തന്നെയാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
സംവിധാകൻ രാഹുൽ സദാശിവൻ വീണ്ടും ഭീതി പടർത്തി ഞെട്ടിച്ചു എന്ന് തന്നെയാണ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഒപ്പം പ്രണവിൻറെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേത് എന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥയും രചിച്ചിരിക്കുന്ന ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്.
‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. സെൻസറിംഗ് പൂർത്തിയായപ്പോൾ എ സർട്ടിഫിക്കറ്റ് ലഭിച്ച ‘ഡീയസ് ഈറേ’ യുടെ റിലീസിനായി ഏറെ ആവേശത്തോടുകൂടിത്തന്നെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് ഇ ഫോർ എക്സ്പെരിമെന്റസ് ആണ്. ഇന്ത്യക്ക് പുറത്ത് ഹോം സ്ക്രീൻ എന്റർടൈൻമെൻറ്സ് വിതരണം ചെയ്യുന്ന ചിത്രം കർണാടക ഒഴികെയുള്ള റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. വികെ ഫിലിംസ് ആണ് ചിത്രം കർണാടകയിൽ വിതരണം ചെയ്യുന്നത്. യു കെ , ഓസ്ട്രേലിയ എന്നിവ ഒഴിച്ചുള്ള നോൺ- ജിസിസി രാജ്യങ്ങളിൽ ബെർക് ഷെയർ ഡ്രീം ഹൌസ്, ഇസാനഗി ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം യുഎസ്എയിൽ എത്തിക്കുന്നത് പ്രൈം മീഡിയ യുഎസ് ആണ്.
ഒരു എലീറ്റ് കുടുംബത്തിൽ നിന്നും വരുന്ന, ജീവിതം എപ്പോഴും ആഘോഷമാക്കുന്ന രോഹൻ എന്ന കഥാപാത്രമായി എത്തുന്ന പ്രണവിൻെറ ജീവിതത്തോടും സാഹചര്യങ്ങളോടുമുള്ള സമീപനം ആദ്യ മിനിറ്റുകൾക്കുള്ളിൽ തന്നെ സംവിധായകൻ പ്രേഷകർക്ക് മുമ്മിൽ വ്യക്തമായി കാണിച്ചു നൽകുന്നുണ്ട്. ഭയമെന്ന വികാരം ഒരു മനുഷ്യനിൽ അവൻ നേരിടുന്ന സാഹചര്യങ്ങളോടുള്ള പ്രതികരണത്തിന്റെ പ്രതിഫലനമാണ് എന്നൊരു ചിന്തകൂടി സിനിമ മുന്നോട്ട് വെക്കുന്നുണ്ട്.
പതിഞ്ഞ താളത്തിൽ തുടങ്ങി മെല്ലെ കത്തിക്കേറി ക്ലൈമാക്സിൽ എത്തുമ്പോഴേക്ക് മരവിപ്പിന്റെയും ഭയത്തിന്റെയും ഏറ്റവും ഉയർന്ന തലത്തിലേക്കാണ് സിനിമ പ്രേക്ഷകനെ കൊണ്ടുപോവുന്നുണ്ട്. തന്റെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പരമ്പരാഗതമായ ഹൊറർ എലമെന്റുകൾ ഡീയസ് ഈറെയിൽ രാഹുൽ സദാശിവൻ ഉപയോഗിച്ചിരിക്കുന്നത് കാണാൻ സാധിക്കും. ദുഃർമരണം, പ്രതികാരം, ആഭിചാരം, മോക്ഷം ലഭിക്കാത്ത ആത്മാവ് തുടങ്ങീ സമൂഹത്തിൽ നിലനിൽക്കുന്ന, നമ്മൾ കണ്ടും കേട്ടും പറഞ്ഞും ശീലിച്ച നിരവധി ഘടകങ്ങൾ സിനിമയിൽ തെളിഞ്ഞു നിൽക്കുന്നത് കാണായിട്ട് സാധിക്കും. എന്നാൽ അവയെ എങ്ങനെയാണ് സംവിധായകൻ സമീപിച്ചിരിക്കുന്നത് എന്നതാണ് ഡീയസ് ഈറെയുടെ വിജയവും.
പ്രധാനമായും രണ്ട് കഥാപാത്രങ്ങളാണ് സിനിമ മുന്നോട്ട് നയിക്കുന്നതെങ്കിലും, അവരോട് ചേർന്ന് നിൽക്കുന്ന മറ്റ് കഥാപാത്രങ്ങളും അവരുടെ വികാരങ്ങളും സിനിമയെ മുന്നോട്ട് നയിക്കുന്നുണ്ട്. അപ്രതീക്ഷിതമായ ഒരു മരണം കുടുംബത്തിലും മരണപ്പെട്ട വ്യക്തിയോട് ചേർന്ന് നിൽക്കുന്ന മാറ്റ് വ്യക്തികളിലും എങ്ങനെയാണ് ആഘാതം സൃഷിടിച്ചത് എന്നത് സിനിമ പറയുന്നുണ്ട്. പ്രണവ് മോഹൻലാലിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ്. ഏറ്റവും സൂക്ഷമമായ പല വികാരങ്ങളും പ്രണവിൽ മിന്നിമായുന്നത് നമുക്ക് കാണാനായിട്ട് സാധിക്കും.
പ്രണവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയും തന്നെയാണ് ഡീയസ് ഈറെ എന്നതിൽ ഒരു സംശയമില്ല. അത്രയ്ക്കും ഗംഭീരമായാണ് പ്രണവ് ഈ ചിത്രത്തിൽ രോഹൻ എന്ന കഥാപാത്രമായി മാറിയിരിക്കുന്നത്. പ്രണവിനൊപ്പം തന്നെ എടുത്ത് പറയേണ്ട ഒരു കഥാപാത്രം തന്നെയാണ് മധുസൂദനൻ പോറ്റി എന്ന കഥാപാത്രത്തിന്റേത്.
ഭയം എന്ന വികാരത്തിനപ്പുറം നമ്മുടെ ചിന്തകളെ വേട്ടയാടുന്ന, മരവിപ്പിക്കുന്ന താരത്തിലേക്കുള്ള ഒരു ആഖ്യാനത്തിലേക്കാണ് സിനിമ അവസാനം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. മധുസൂദനൻ പോറ്റി, സൈജു കുറുപ്പ് അവതരിപ്പിച്ച ഡോ. ജോർജ് എന്നിവരുടെ കഥാപാത്ര രൂപീകരണം സൂക്ഷ്മ തലത്തിൽ പലതിലേക്കുമുള്ള സൂചനകളും തുടർച്ചകളുമാണ്.
തീർച്ചയായിട്ടും എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ് ഷെഹ്നാദ് ജലീലിന്റെ ഛായാഗ്രഹണം. സിനിമയുടെ മറ്റൊരു പ്രധാന ഘടകവും അതുതന്നെയാണ്. പകൽ വെളിച്ചത്തിൽ നിന്നും നിഗൂഢമായ ഇരുട്ടിലേക്കുള്ള സിനിമയുടെ സഞ്ചാരം ഗംഭീരമാണ്. അതിനോടൊപ്പം തന്നെ ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തലസംഗീതവും മികവുറ്റതായിരുന്നു. ക്ലൈമാക്സിൽ ക്രിസ്റ്റോ ചെയ്തുവച്ചിരിക്കുന്ന പശ്ചാത്തല സംഗീതം മാത്രം മതി അയാളിലെ ക്രാഫ്റ്റ് മനസിലാക്കാൻ. ചിലയിടങ്ങളിൽ കാതടപ്പിക്കുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതം ഉണ്ടെന്ന് ഒഴിച്ചാൽ സിനിമയെയും അതിന്റെ മൂടിനെയും മൊത്തത്തിൽ എലവേറ്റ് ചെയ്യാൻ ക്രിസ്റ്റോ വഹിച്ച പങ്ക് ചെറുതല്ല. ഭ്രമയുഗം എന്ന ചിത്രത്തിന് ശേഷം ജോതിഷ് ശങ്കർ- രാഹുൽ സദാശിവൻ കൂട്ടുകെട്ട് ഒന്നിക്കുന്നത് കൊണ്ട്തന്നെ പ്രൊഡക്ഷൻ ഡിസൈൻ ഗംഭീരമാവും എന്നൊരു പ്രതീക്ഷ ചിത്രത്തിന്റെ അപ്‌ഡേറ്റുകളിൽ നിന്നെല്ലാം സൂചനകൾ ഉണ്ടായിരുന്നു. ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ മൂന്നാം ചിത്രം തീർച്ചയായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ് എന്നത് തീർച്ചയാണ്. ഡീയസ് ഈറെ ഒരു അവസാനമല്ല എന്നതും തീർച്ചയാണ്, ഭയത്തിന്റെ വേട്ടയാടലുകളുടെ ഒരു തുടർച്ച മാത്രമാണിത്… ഇനി വരാൻ പോകുന്നത് ക്രോധത്തിന്റെ ദിനങ്ങളും!




