മാഡ്രിഡ്: 2024-25 സീസണിലെ ഗോൾഡൻ ഷൂ പുരസ്കാരം റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ ഏറ്റുവാങ്ങി. സാന്റിയാഗോ ബെർണബ്യുവിൽ വെച്ചായിരുന്നു ഔദ്യോഗിക ചടങ്ങ്.
കഴിഞ്ഞ സീസണിൽ ലാലീഗയിൽ 31 ഗോളുകൾ നേടി 62 പോയിന്റുമായി എംബാപ്പെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ നേടിയ ഗോളുകൾക്ക് ഉയർന്ന പോയിന്റ് പരിഗണന ലഭിക്കുന്നതിനാലാണ് ഫ്രഞ്ച് ഫോർവേഡിന് മുൻതൂക്കം ലഭിച്ചത്.
പോർച്ചുഗീസ് ലീഗിൽ 39 ഗോളുകൾ സ്കോർ ചെയ്തെങ്കിലും ടോപ് ഫൈവ് ലീഗിൽ അല്ലാത്തതിനാൽ 58.5 പോയിന്റ് മാത്രാമേ രണ്ടാമതുള്ള ഗ്യോക്കറസിന് നേടാൻ കഴിഞ്ഞുള്ളു. ലീഗിൽ 29 ഗോളുകൾ നേടിയ മുഹമ്മദ് സലാഹ് 58 പോയിന്റുമായി പട്ടികയിൽ മൂന്നാമതായിരുന്നു.
റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും ഈ വർഷം കൂടുതൽ കിരീടങ്ങൾ ലക്ഷ്യമിടുന്നതായും എംബാപ്പെ ചടങ്ങിൽ വ്യക്തമാക്കി. നിലവിൽ 10 മത്സരങ്ങളിൽ നിന്നുള്ള 9 വിജയങ്ങളോടെ 27 പോയിന്റുമായി റയൽ മാഡ്രിഡ് ലാലീഗ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.




