കോട്ടയം: കോട്ടയം ഷാഫി എന്ന ഭാഷയെ നെഞ്ചോട് ചേർക്കുന്ന ഒരു പ്രൊഫസർ ഉണ്ട് കോട്ടയം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിൽ. മെഡിക്കൽ വിദ്യാർത്ഥികളെ ഡിസക്ഷൻ ഹാളിൽ പുതിയ ജീവിത പാഠങ്ങൾ കടാവർ കീറി മുറിച്ചു പഠിപ്പിക്കുമ്പോഴും രണ്ടുവരി കവിതയോ, കഥയോ ശുദ്ധ മലയാളത്തിൽ തന്റെ ഉള്ളിൽ നിറച്ചായിരിക്കും ഷാഫി സർ നിൽക്കുക. ഏതു ആഘോഷം വന്നാലും രണ്ടുവരി കവിത ഷാഫിയുടെ വക ഉറപ്പാണ്.
അനാട്ടമി പോലെ ഫോർമാലിന്റെ മണം നിറഞ്ഞ ജീവിതത്തിൽ കുട്ടികൾക്ക് ക്ലാസ്സെടുക്കുമ്പോഴും മലയാള ഭാഷ അദ്ദേഹം കൈവിടില്ല. സ്വന്തമായി റെക്കോർഡ് ചെയ്തു കവിതയും കഥയുമൊക്കെ ‘കോട്ടയം ഷാഫി’ എന്ന യു ട്യൂബ് ചാനലിൽ അദ്ദേഹം ഉൾപെടുത്താറുണ്ട്. വർഷങ്ങളായി കോട്ടയം അനാട്ടമി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഈ പ്രൊഫസർ അതി സമർത്ഥനായ അധ്യാപകനും, മനുഷ്യ സ്നേഹിയുമാണ്. ജീവിതം അൽപ്പം സാഹിത്യവും, കലയും നിറഞ്ഞതല്ലെങ്കിൽ അത് മരവിച്ചു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.


