തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം ആലപിക്കുന്നതിനെ ന്യായീകരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടെന്നും അതിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പ്രോട്ടോക്കോൾ പ്രകാരമുള്ള കാര്യങ്ങളാണ് ചടങ്ങിൽ നടക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഉദ്ഘാടന വേദിയിലെ റിഹേഴ്സലിൽ വന്ദേമാതരം പൂർണമായും ആലപിച്ച് പരിശീലിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തിരുവനന്തപുരം ലോക്ഭവൻ ഗേറ്റിലാണ് ഓണം വാരാഘോഷ സമാപന ചടങ്ങ് നടക്കുക.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനാണ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കുന്നത്. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നാണ് പ്രോട്ടോക്കോൾ വിഭാഗം വ്യക്തമാക്കുന്നത്.
ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ കേന്ദ്ര പ്രോട്ടോക്കോൾ അനുസരിച്ചുള്ള ക്രമീകരണങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.


