കൊല്ലം: ഭിന്നശേഷിക്കാരനായ യുവാവ് സഞ്ചരിച്ച ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒടുവിൽ കേസെടുത്ത് ശൂരനാട് പൊലീസ്. ശൂരനാട് സ്വദേശി ജാസ്മീറിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഭിന്നശേഷിക്കാരുടെ സംരക്ഷണ നിയമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 23-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അപകടത്തിൽ ജാസ്മീറിന് പരിക്കേറ്റതിന് പിന്നാലെ കാർ ഓടിച്ചിരുന്നയാൾ തന്നെ ‘വികലാംഗൻ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു.
സംഭവം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് ജാസ്മീർ നേരത്തെ പരാതിപ്പെട്ടിരുന്നു. പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഇപ്പോൾ കേസെടുത്തത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


