തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പ്രസംഗം നടത്തിയ മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാമിനെതിരെ പരാതി നൽകി സി.പി.എം. പ്രവർത്തകൻ. വാഴക്കാട് സ്വദേശിയായ മുഹമ്മദ് ജിഫ്രി തങ്ങളാണ് വാഴക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മലപ്പുറം വാഴക്കാട് ലീഗ് പൊതുയോഗത്തിലാണ് സലാം വിവാദ പ്രസംഗം നടത്തിയത്. സംഭവം കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കി.
അതിനിടെ മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിൻ്റെ വിവാദ പ്രസംഗം തള്ളി മുസ്ലിം ലീഗ് രംഗത്തെത്തി. രാഷ്ട്രീയ വിമർശനങ്ങൾ സാധ്യമെങ്കിലും വ്യക്തിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ വ്യക്തമാക്കി. സലാമിന് പറ്റിയ പിഴവ് പാർട്ടി തിരുത്തിച്ചെന്ന് പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
സലാമിന്റെ പ്രസംഗത്തിനെതിരെ സിപിഎം മലപ്പുറം ജില്ലാ നേതൃത്വം ഉൾപ്പെടെ മന്ത്രി ശിവൻകുട്ടി രൂക്ഷമായി പ്രതികരിച്ചു. നേരത്തെയും സലാം നടത്തിയ വിവാദ പ്രസംഗങ്ങൾ ലീഗിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇ കെ സുന്നികൾ അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് സലാമിന്റെ പരാമർശങ്ങൾ ആയുധമാകും എന്നുള്ള ആശങ്ക ലീഗിൽ ശക്തമാണ്.


