പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിൽ നിന്നുള്ള സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പുതിയ അറസ്റ്റ്.
ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് എസ്ഐടി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടുനൽകും.
ശബരിമല ദ്വാരപാല ശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിലാണ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. കട്ടിള കടത്തി സ്വർണം മോഷ്ടിച്ച കേസിലെ അറസ്റ്റ് ഇപ്പോഴാണ് നടപ്പായത്.
ഇന്നലെ സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിക്കുമെന്നാണ് സൂചന.
ശബരിമലയിൽ നിന്നും നഷ്ടപ്പെട്ട സ്വർണത്തിന്റെ ഒരു വിഭാഗം ഇനിയും കണ്ടെത്താനുണ്ടെന്നതാണ് എസ്ഐടിയുടെ നിഗമനം.


