ന്യൂഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ നടന്നത് വൻ വോട്ടുകൊള്ള എന്ന് ആരോപിച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. 25 ലക്ഷം വോട്ടുകൊള്ള ഹരിയാനയിൽ നടന്നെന്ന് രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നടന്നത് ‘ഓപ്പറേഷൻ സർക്കാർ ചോരി’ ആണെന്നും ഒരു സർക്കാരിനെ തന്നെയാണ് എൻഡിഎ തട്ടിയെടുത്തത് എന്നും രാഹുൽ ആരോപിച്ചു. കോൺഗ്രസ് ജയിക്കുമെന്ന് മിക്കവാറും സർവേകൾ പ്രവചിച്ചപ്പോഴാണ് എൻഡിഎ വിജയിച്ചതെന്നും രാഹുൽ പറഞ്ഞു.
വോട്ട് കൊള്ള ഏതെങ്കിലും സീറ്റുകളിൽ മാത്രമായി നടക്കുന്നത് അല്ലെന്നും അത് സംസ്ഥാനതലത്തിലും ദേശീയതലത്തിലും വളരെ ആസൂത്രിതമായി നടക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാനയിൽ കോൺഗ്രസ് ജയിക്കുമെന്നായിരുന്നു എക്സിറ്റ് പോളിന്റെ റിപോർട്ടുകൾ പറഞ്ഞത്.
കോൺഗ്രസിന്റെ വിജയം ഹരിയാനയിൽ അട്ടിമറിച്ച് പരാജയമാക്കി മാറ്റുകയായിരുന്നു. 100 ശതമാനം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത് എന്നും രാഹുൽ. എല്ലാ സൂചനകളും സർവേകളും കോൺഗ്രസ് ജയം പ്രവചിച്ചപ്പോളും ബിജെപി ഉറച്ച വിശ്വാസത്തിലായിരുന്നു.
കോൺഗ്രസ് തോറ്റ 8 മണ്ഡലങ്ങളിലെ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണ്. ഒരു യുവതിയുടെ ചിത്രം വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ച രാഹുൽ ഇവർ 22 തവണ 10 ബൂത്തുകളിലായി പല പേരുകളിലായി ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്നു ആരോപിച്ചു. ഇതൊരു കേന്ദ്രീകൃത അട്ടിമറിയാണ് എന്നു പറയാനുള്ള പ്രധാന കാരണം ഇതാണെന്നും ഇവർ യഥാർഥത്തിൽ മതീയസ് ഫെറാരോ എന്ന ബ്രസീലിയൻ മോഡലാണ് എന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചിത്രത്തിലുള്ള ബ്രസീലിയൻ മോഡലിന്റെ ഫെയ്സ്ബുക് പേജും രാഹുൽ പങ്കുവച്ചിരുന്നു.
25 ലക്ഷം വോട്ട് കൊള്ളയാണ് ഹരിയാനയിൽ നടന്നത് എന്നാണ് രാഹുലിൻ്റെ ആരോപണം. 5,21,619 ഡൂപ്ലിക്കേറ്റ് വോട്ടർമാരും 93,174 വ്യാജ വിലാസങ്ങളും ഉണ്ടായെന്ന് രാഹുൽ ആരോപിച്ചു. ഇത് വീണ്ടും പരിശോധിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞിരിക്കുകയാണ്. എന്നാൽ എല്ലാത്തിന്റേയും തെളിവുകൾ കയ്യിലുണ്ടെന്നും രാഹുൽ പറഞ്ഞു. മറ്റൊരു സ്ത്രീയുടെ ഫോട്ടോ കാണിച്ചുകൊണ്ട് അവർക്ക് 100 സ്ഥലങ്ങളിലാണ് വോട്ടെന്ന് വോട്ടർപട്ടികയിലെ പേര് കാട്ടി രാഹുൽ പറഞ്ഞു.




