കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ കാപ്പി വില വർധനയുടെ ഫലത്തിൽ ആശ്വാസം കൊണ്ട് രാജ്യത്തെ കാപ്പി കർഷകർ. റോബസ്റ്റ കാപ്പിയുടെ അന്താരാഷ്ട്ര വിലയിൽ ടണ്ണിന് 153 ഡോളറിന്റെ വർധനയാണ് തിങ്കളാഴ്ചയുണ്ടായത്. ഇതിന്റെ പൂർണമായ പ്രതിഫലനം രാജ്യത്തെ കാപ്പിവിലയിൽ പ്രകടമായിട്ടില്ലെങ്കിലും വിലയിൽ അന്തരം പ്രകടമാണ്.
കേരളത്തിൽ കൂടുതലായി കൃഷി ചെയ്ത് വരുന്നത് റോബസ്റ്റ കാപ്പിക്കുരു ആണ്. ഇവയ്ക്ക് ആണ് സെപ്റ്റംബർ അവസാന വാരങ്ങളിലും നവംബറിലെ ആദ്യ ദിവസങ്ങളിലും ആയി മികച്ച വില ലഭിക്കുന്നുണ്ട്. പ്രധാന കാപ്പി ഉത്പാദക രാജ്യങ്ങളായ ബ്രസീലിലും വിയറ്റ്നാമിലുണ്ടാകുന്ന പ്രതികൂല കാലാവസ്ഥയാണ് അന്താരാഷ്ട്ര വിപണിയിൽ കാപ്പിവില ഉയർത്തിയത്.
കട്ടപ്പന മാർക്കറ്റിൽ കിലോഗ്രാം കണക്കിൽ റോബസ്റ്റ കാപ്പിക്കുരുവിന് 240 രൂപയും പരിപ്പിന് 450 രൂപയും വരെ ലഭിക്കുന്നുണ്ട്. ഒക്ടോബർ ആദ്യവാരം ലഭിച്ചിരുന്ന 210-410 നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ കാപ്പിക്കുരുവിന് 30 രൂപയും പരിപ്പിന് 40 രൂപയും കൂടിയിട്ടുണ്ട്. എന്നിരുന്നാലും വയനാട്ടിലെ കർഷകർക്ക് ഇത്രയും വില ലഭിക്കുന്നില്ലെന്നും ആവശ്യത്തിന് ഓഫറുകൾ ലഭിക്കുന്നില്ല എന്ന പതിവ് പല്ലവിയുമാണ് കയറ്റുമതിക്കാർ നൽകുന്നതെന്നും കോഫി ബോർഡ് മുൻ വൈസ് ചെയർമാനും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ അംഗവുമായ എം.ആർ. ഗണേഷ് പറഞ്ഞു


