പത്തനംതിട്ട: ശബരിമല സ്വർണക്കള്ളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ദേവസ്വം ബോർഡ് മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
എസ്ഐടിയുടെ അന്വേഷണം പ്രകാരം 2019 ജൂലൈ 19 ന് സ്വർണ്ണ പാളികൾ അഴിച്ച സംഭവത്തിൽ മേൽനോട്ട ചുമതല നിർവ്വഹിക്കാതെ ഗുരുതര വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തിയത്.
അതേസമയം ശബരിമല സ്വർണക്കള്ളക്കേസിലെ റിമാൻഡിലായ മുരാരി ബാബുവിനെയും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ എടുക്കും. അന്വേഷണം കൂടുതൽ ഊർജിതമാക്കുന്നതിനുള്ള നടപടിയാണ് ഇത്.
മുരാരി ബാബു സമർപ്പിച്ച ജാമ്യ അപേക്ഷയിലും റാന്നി മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ദ്വാരപാലക കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ പത്തനംതിട്ട സെഷൻസ് കോടതിയുടെ പരിഗണനയിൽ തുടരുകയാണ്.


