തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു.
മരിച്ച വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചികിത്സാരേഖ പുറത്ത് വന്നു.
വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ സാധാരണ നിലയിലായിരുന്നുവെന്നാണ് ചികിത്സാരേഖ തെളിയിക്കുന്നത് . ക്രിയാറ്റിന്‍ കൂടിയതുകൊണ്ട് ആന്‍ജിയോഗ്രാം സാധ്യമാക്കുമായിരുന്നില്ലെന്ന് ആയിരുന്നു ആശുപത്രി അധികൃതരുടെ ഒരു വാദം.
ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊല്ലം പന്മന സ്വദേശി വേണു (48) മരിച്ചത്. അടിയന്തര ആന്‍ജിയോഗ്രാം നടത്തേണ്ട വേണുവിന് 5 ദിവസം ചികിത്സ നിഷേധിച്ചെന്നാണ് കുടുംബത്തിന്റെ പരാതി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ അനാസ്ഥയാണ് വേണുവിന്റെ മരണ കാരണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിരുന്നു. പരാതിയില്‍ അടിയന്തര അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.










