മലേഷ്യ: തായ്‌ലൻഡ്-മലേഷ്യ അതിർത്തിയോട് സമീപം 90 ഓളം ആളുകളുമായി പോയ ബോട്ട് മുങ്ങി. ഒരാളുടെ മൃതദേഹം കണ്ടെടുത്തതായും നിരവധി പേരെ കാണാതായതായും അധികൃതർ അറിയിച്ചു.
മലേഷ്യൻ മാരിറ്റൈം അതോറിറ്റി പത്തോളം പേരെ രക്ഷപ്പെടുത്തിയതായി അറിയിച്ചു. മലേഷ്യയിലെ റിസോർട്ട് ദ്വീപായ ലങ്കാവിയുടെ വടക്ക് ഭാഗത്തായി തരുട്ടാവോ ദ്വീപിനടുത്താണ് സംഭവം നടന്നത്.
രക്ഷപ്പെട്ടവരിൽ മൂന്ന് മ്യാൻമർ പൗരന്മാരും രണ്ട് റോഹിങ്ക്യൻ അഭയാർഥികളും ഒരു ബംഗ്ലാദേശി പുരുഷനും ഉൾപ്പെടുന്നു. മരിച്ചത് റോഹിങ്ക്യൻ സ്ത്രീയാണ്.
മലേഷ്യയിലേക്ക് ഒരു വലിയ കപ്പലിലാണ് യാത്ര തുടർന്നതെങ്കിലും അതിർത്തിയോട് അടുക്കുമ്പോൾ അധികാരികളുടെ ശ്രദ്ധയിൽപെടാതിരിക്കാൻ നൂറുപേരടങ്ങുന്ന മൂന്ന് ചെറിയ ബോട്ടുകളിലേക്ക് മാറാൻ നിർദേശം നൽകിയതായി പൊലീസ് മേധാവി പറഞ്ഞു.
കുടിയേറ്റക്കാർ മൂന്ന് ദിവസം മുൻപ് മ്യാൻമർ തീരത്തുനിന്നും യാത്രതുടങ്ങിയവരാണ്. ഭൂരിഭാഗം യാത്രക്കാരും റോഹിങ്ക്യൻ ന്യൂനപക്ഷ വിഭാഗക്കാരാരാണ്.










