കാസർകോട്: കാസർകോട് ബളാലിൽ വീട് വെക്കാൻ മണ്ണ് നീക്കിയതിന് നിർധന കുടുംബത്തിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 50,000 രൂപ പിഴയിട്ട സംഭവത്തിൽ കോൺഗ്രസ് രംഗത്ത്. പാവപ്പെട്ടവരോട് വകുപ്പ് കാണിച്ച നീതികേടിനെയാണ് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ശക്തമായി വിമർശിച്ചത്.
പിഴ പൂർണമായും ഒഴിവാക്കണമെന്നും, അത് സംഭവിക്കാത്ത പക്ഷം കോൺഗ്രസ് പാർട്ടി തന്നെ തങ്കമണിക്കായി 50,000 രൂപ അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പേണ്ട ഉദ്യോഗസ്ഥർ ക്രൂരതയോടെ പെരുമാറുകയാണ്,” എന്ന് രാജു കട്ടക്കയം ആരോപിച്ചു.
ഗോവിന്ദൻ–തങ്കമണി ദമ്പതികളോടാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പിഴ ചുമത്തിയത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ ലഭിച്ച വീടിനായി സ്ഥലം ഒരുക്കാനാണ് അവർ മണ്ണ് നീക്കിയത്. ആദ്യം വകുപ്പ് ഒരു ലക്ഷം രൂപ പിഴ ആവശ്യപ്പെട്ടെങ്കിലും, നിർധനരാണെന്ന് തിരിച്ചറിഞ്ഞതോടെ അത് 50,000 രൂപയായി കുറച്ചു. “പിഴ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ജയിലിൽ പോകാം,” എന്നാണ് തങ്കമണിയുടെ പ്രതികരണം.




