തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസിൽ പ്രതി സുരേഷിനെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവദിവസം സുരേഷ് കോട്ടയത്ത് നിന്നാണ് കേരള എക്സ്പ്രസിൽ കയറിയത്.
ട്രെയിനിൽ കയറുന്നതിന് മുമ്പ് മദ്യപിച്ച ബാർ ഉൾപ്പെടെ ഇന്നലെ നിരവധി സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം സുരേഷിന്റെ തിരിച്ചറിയൽ പരേഡ് ജയിലിൽ വച്ച് നടത്തുകയും ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രതിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല.
പുകവലിക്കൽ ചോദ്യം ചെയ്തതിലാണ് ജനറൽ കമ്പാർട്ട്‌മെന്റിന്റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. സുരേഷ് കുമാർ ട്രെയിനിൽ കയറുന്നതിന് മുമ്പ് അമിതമായി മദ്യപിച്ചിരുന്നുവെന്നതിന്‍റെ തെളിവ് പൊലീസിന് ലഭിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷൻ സമീപത്തെ ബാറിൽ നിന്നാണ് ഇയാൾ മദ്യപിച്ചത്. ശ്രീക്കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.




