ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം കാർ സ്ഫോടനം ഉണ്ടായ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി ഫോറൻസിക് സംഘം. 9 മില്ലീമീറ്റർ കാലിബറുള്ള മൂന്ന് കാട്രിഡ്ജുകളടക്കം ആകെ ആറ് കാട്രിഡ്ജുകൾ ഫോറൻസിക് സംഘം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തി. ഇവ സാധാരണക്കാർക്ക് കൈവശം വയ്‌ക്കാൻ അനുവാദമില്ല. സംഭവസ്ഥലത്ത് നിന്നും പിസ്റ്റളുകളോ തോക്കിന്റെ ഭാഗങ്ങളോ കണ്ടെത്തിയിട്ടില്ല. വെടിയുണ്ടകളുടെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാനുള്ള സംഘടിതശ്രമത്തിന്റെ ഭാഗമായി വെടിയുണ്ടകൾ സ്ഫോടനം നടന്ന സ്ഥലത്ത് കൊണ്ടിട്ടതാണോയെന്നും ഫോറൻസിക് വിദഗ്ദ്ധർ അന്വേഷിക്കുന്നുണ്ട്.
നിലവിൽ അൽ-ഫലാഹ് സർവ്വകലാശാലയുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളും ക്രൈംബ്രാഞ്ച് ശക്തമാക്കിയിട്ടുണ്ട്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി രണ്ട് എഫ്ഐആറുകൾ സർവ്വകലാശാലയ്ക്കെതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ക്രൈംബ്രാഞ്ച് സംഘം സർവ്വകലാശാലയിലെ ഓഖ്‌ല ഓഫീസ് സന്ദർശിച്ച് നോട്ടീസ് നൽകിയിരുന്നു. ക്രമക്കേടുകളുമായി ബന്ധപ്പെടുന്ന രേഖകളും വ്യക്‌തികളും ഉടൻ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. അക്രമികൾക്ക് സർവ്വകലാശാലയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.






