കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രി വാർഡിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ യുവതി മുഖത്തെടിച്ച സംഭവത്തിൽ യുവതിയെയും ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തി യുവതിയെ വാട്സാപ്പിൽ ശല്യം ചെയ്തു വിവാഹ വാഗ്ദാനം നടത്തിയ യുവാവിനെയും മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.
ഡോക്ടർ എന്ന വ്യാജേന ആൾമാറാട്ടം നടത്തിയ കുന്നമംഗലം പെരിങ്ങൾ സ്വദേശി മൈലം പറമ്പത്ത് മുഹമ്മദ് നൗഷാദ് (27) ഡോക്ടറെ മർദ്ദിച്ച കുരുവട്ടൂർ സ്വദേശിയായ (39) കാരി എന്നിവരെയാണ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് സർജറി ഒ.പിയിൽ ഡ്യൂട്ടിക്കിടെയാണ് യുവതി എത്തി രോഗികൾക്കും മറ്റു പി.ജി വിദ്യാർത്ഥികൾക്കും മുന്നിൽ ഡോക്ടറുടെ മുഖത്തടിച്ചത്. നിരന്തരം യുവതിയുടെ മൊബൈലിൽ വാട്ട്സപ്പിൽ അശ്ലീല സന്ദേശം അയക്കുകയും വിവാഹ വാഗ്ദാനം നടത്തുകയും ചെയ്തെന്ന് ആരോപിച്ചാണ് ആശുപത്രിയിൽ എത്തി മുഖത്തടിച്ചത്.
ഡോക്ടർ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി തുടർന്ന് സി.സി.ടി.വി, ഒ.പി ചീട്ട് എന്നിവ പരിശോധിച്ചു യുവതിയെ പോലീസ് കണ്ടെത്തി. യുവതിയെ ചോദ്യം ചെയ്തതോടെ ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തി നൗഷാദ് ആണ് സന്ദേശം അയച്ചത് എന്ന് വ്യക്തമായത്.
അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. എസ്ഐ മാരായ കെ.അരുൺ, കവിത, അമൽ, എ.എസ്. ഐ സുജ, സീനിയർ സി.പി.ഒ വിനോദ്,സി.പി.ഒ രാജു, ബുഷറർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു






