തൃശ്ശൂർ : ചാലക്കുടി പരിയാരത്ത് കരാറുകാരനും ജലസേചന വകുപ്പും തമ്മിലുള്ള തർക്കം കാരണം കുടിവെള്ളം പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. ഒരാഴ്ചയിലധികമായി കുടിവെള്ളം പാഴായിട്ടും അതിന് പരിഹാരം കാണുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തവളപ്പാറ റോഡില്‍ കഴിഞ്ഞയാഴ്ചയില്‍ ഐറിഷ് കാന പണിയുവാന്‍ മണ്ണെടുത്തപ്പോഴാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. ഉടൻ തന്നെ വിവരം ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
പൈപ്പ് ശരിയാക്കാത്ത പക്ഷം കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയാക്കാൻ സാധ്യമല്ലെന്നു കരാറുകാരൻ വ്യക്തമാക്കുന്നത്. ഒരുദിവസം വെള്ളവിതരണം നിർത്തിവെച്ചപ്പോഴും നിർമ്മാണത്തിന് കരാറുകാരൻ തയ്യാറാകാതെ വന്നത് പ്രശ്നം കൂടുതൽ വഷളാക്കി.
തർക്കത്തിൽ ഇരുവിഭാഗങ്ങളും പിന്മാറാത്ത സാഹചര്യത്തിൽ റോഡിലൂടെ ഒഴുകുന്ന വെള്ളം ചെളിയായി മാറി യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. കാന കീറിപ്പോയതിനാൽ ഗതാഗതത്തിനും ആശങ്ക ഉയർന്നിരിക്കുകയാണ്. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




