പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയോടെ അവസാനിച്ച പരിശോധനയിൽ കട്ടില്പാളികളിൽ നിന്നും ശ്രീകോവിലിനെ ചുറ്റിയുള്ള സ്വർണപൂശിയ പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു.
സോപാനത്തിലെ പാളികൾ പരിശോധനക്ക് ശേഷം തിരികെ സ്ഥാപിച്ചു. ഏകദേശം പത്ത് മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയ്ക്കുശേഷം സംഘം ഇന്ന് സന്നിധാനത് നിന്ന് മടങ്ങും. പാളികളുടെ കാലപ്പഴക്കം പരിശോധിക്കുന്നത് അവ വ്യാജമാണോയെന്ന കാര്യത്തിൽ നിർണായകമാകുമെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു.
ഇതേസമയം, കേസിലെ പ്രതിയും മുൻ ദേവസ്വം സെക്രട്ടറിയുമായ ജയശ്രിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രിയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. സ്വർണക്കവർച്ചയിൽ പങ്കില്ലെന്നും മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഫയലിൽ ഒപ്പുവെച്ചതിലുപരി ഒന്നും ചെയ്തിട്ടില്ലെന്നും ഹർജിയിൽ വാദിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സയിലായതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.






