പാലക്കാട്: പുതുശ്ശേരിയിൽ ആരംഭിച്ച പലചരക്കു വ്യാപാര കമ്പനിയുടെ മറവിൽ ആന്ധ്രപ്രദേശ് സ്വദേശിയായ വ്യാപാരിയിൽ നിന്നു 30 ടൺ അരി വാങ്ങി 14.10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപന ഉടമകളിലൊരാൾ അറസ്റ്റിൽ. ഇയാളുടെ അറസ്റ്റിനു പിന്നാലെ മറ്റു 2 പ്രതികളും മുങ്ങി. ചിറ്റിലഞ്ചേരി കോന്നല്ലൂർ കൽത്തോട് സ്വദേശി സുധീഷ്ചന്ദ്രൻ (36) ആണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശി സ്വരൂപ്‌രാജിന്റെ പരാതിയിലാണ് അറസ്റ്റ്.
ഒരു മാസം മുൻപു സ്വരൂപ് രാജിൽ നിന്നു സുധീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്കു 30 ടൺ അരി വാങ്ങി. 17.10 ലക്ഷം രൂപയാണ് ഇതിനായി നൽകേണ്ടിരുന്നത്. ഇതിനു പകരം 2 തവണകളിലായി 3 ലക്ഷം രൂപ നൽകി. അരി വിപണിയിൽ മറിച്ചുവിറ്റ ശേഷം ബാക്കിയുള്ള 14.10 ലക്ഷം രൂപ നൽകാതെ മുങ്ങിയെന്നാണു കണ്ടെത്തിയത്.
പുതുശ്ശേരിയിൽ ആരംഭിച്ച കേരള ഫോർച്യൂൺ ട്രേഡേഴ്സ് കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്. ഇതേ സ്ഥാപനത്തിന്റെ പേരിൽ സവാള ഇറക്കിയ വകയിലും മറ്റു 2 പേരിൽ നിന്നായി സുധീഷും സുഹൃത്തുക്കളും 7.35 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്. സാധനങ്ങൾ വാങ്ങി മറിച്ചു വിറ്റ ശേഷം വ്യാപാരികളെ കബളിപ്പിച്ചു കടന്നുകളയുന്നതാണ് പതിവെന്നു പൊലീസ് പറഞ്ഞു.




