പാലക്കാട്: പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ. കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ സമർപ്പിച്ച 15 ഓളം അപേക്ഷകളാണ് യാക്കരയിലെ പുഴക്കരയിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ ജില്ലാ കലക്ടർക്കും പട്ടികവർഗ വകുപ്പ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.
എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർത്ഥികൾക്കായി വകുപ്പ് നൽകുന്ന ധനസഹായത്തിനുള്ള അപേക്ഷകളാണ് ഉപേക്ഷിച്ചത്. ട്രൈബൽ പ്രൊമോട്ടർമാർ മുഖേന സമർപ്പിച്ചതായ അപേക്ഷകൾ പ്രദേശത്തെ ഒരു കെഎസ്ഇബി ജീവനക്കാരനാണ് കണ്ടെത്തിയത്.
പറമ്പിക്കുളം ഗോത്രമേഖലയിലെ കുര്യാർകുറ്റിക്കടവ്, എർത്ത് ഡാം പ്രദേശങ്ങൾ, കൂടാതെ മുതലമട, ചെമ്മനാംപതി, വണ്ടാഴി പഞ്ചായത്തിലെ മംഗ്ലം ഡാം മേഖല എന്നിവിടങ്ങളിലുള്ള 15ഓളം വിദ്യാർത്ഥികളുടെ അപേക്ഷകളാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകൾ ജില്ലാ ട്രൈബൽ ഓഫീസിൽ എത്താതെയാണ് ഉപേക്ഷിക്കപ്പെട്ടതെന്ന് പ്രാഥമിക വിലയിരുത്തൽ. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.






