കോഴിക്കോട്: കാർഷിക ഗ്രാമമായ വെള്ളന്നൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം. ഇന്നലെ ഒറ്റ രാത്രി കൊണ്ട് സിദ്ധാർത്ഥൻ പാലക്കമണ്ണിലിന്റെതുൾപ്പടെ നാല് മാസം പ്രായമായ നൂറോളം വാഴകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. പന്നികളുടെ അക്രമം മൂലം കപ്പയുൾപ്പടെ കിഴങ്ങു കൃഷികൾ പൂർണ്ണമായും കർഷകർ ഉപേക്ഷിച്ചു കഴിഞ്ഞു.
ശീതകാല പച്ചക്കറി കൃഷിയുടെ അവസ്ഥയും വിഭിന്നമല്ല. വിലയുടെ അസ്ഥിരതയും, കാട്ടുപന്നി ശല്യവും, കാലാവസ്ഥാ വ്യതിയാനവും മൂലം കാർഷിക മേഖലയെ ഒട്ടേറെ പേർ ഉപേക്ഷിച്ചു. ശേഷിക്കുന്നവരും ഈ മേഖല കയ്യൊഴിയാൻ നിർബന്ധിതരാവുന്ന അവസ്ഥയിലാണ്.കർഷക സമരത്തെ തുടർന്ന് മുക്കം മുനിസിപ്പാലിറ്റിയിൽ ഷൂട്ടർമാരെ വെച്ച് പകൽ വേട്ട നടത്തിയിരുന്നു. ചാത്തമംഗലം പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് സത്വര നടപടി ഉണ്ടാവേണ്ടതുണ്ട്. വെള്ളനൂരിൽ ചേർന്ന കിസാൻ സംഘ് യോഗം അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി.










