കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തെതിരായ ആരോപണങ്ങളിൽ അടിസ്ഥാനം ഉണ്ടെന്ന് കണ്ടതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെ വെല്ലുവിളിക്കുന്ന രീതിയിൽ പെരുമാറിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭാ യോഗത്തിൽ പങ്കെടുക്കാൻ രാഹുലിന് അവകാശമില്ലായിരുന്നെന്നും, ഇരയെയും മാധ്യമങ്ങളെയും അദ്ദേഹം വെല്ലുവിളിച്ചതായും ഉണ്ണിത്താൻ പറഞ്ഞു. പി. ആർ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ ആക്രമിക്കാൻ രാഹുൽ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “പ്രസവിച്ച അമ്മയെ തല്ലിയാൽ രണ്ട് അഭിപ്രായങ്ങൾ വരാൻ പാടില്ല; ഇരയെ പുറത്തേക്ക് കൊണ്ടുവന്നത് രാഹുലാണ്” — ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
നിയമം തന്റെ വഴിക്ക് നടക്കേണ്ടതുണ്ടെന്നും, വലിയ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന യുവനേതാവ് അത് സ്വയം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം നിരീക്ഷിച്ചു. കെ. സുധാകരൻ ഇടയ്ക്കിടെ വാക്ക് മാറ്റുന്ന ആളാണെന്നും അതുകൊണ്ടാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എഐസിസി മാറ്റിയത് എന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. രാഹുൽ മാങ്കൂട്ടത്തിനെ അനുകൂലിക്കുന്നവർക്ക് കോൺഗ്രസ് തിരിച്ചറിയൽ നൽകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






