കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്ങൂട്ടത്തിലിന്റെ അറസ്റ്റിന് ഹൈക്കോടതി താൽക്കാലിക തടഞ്ഞു. ഈ മാസം 15 വരെ രാഹുലിനെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി ഉത്തരവിട്ടു. അതേദിവസം മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പ് നടപടികൾ കഴിഞ്ഞ ശേഷമായിരിക്കും കേസ് വിശദമായി പരിശോധിക്കുകയെന്നും കോടതി വ്യക്തമാക്കി.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യം തള്ളപ്പെട്ടതിനെ തുടർന്ന് രാഹുൽ ഇന്നലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പത്താം ദിവസവും ഒളിവിൽ തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ്.
ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 32-ാം ഐറ്റമായി പട്ടികപ്പെടുത്തപ്പെട്ടിരുന്നെങ്കിലും സിറ്റിംഗ് തുടങ്ങിയ ഉടൻ രാഹുലിന്റെ അഭിഭാഷകൻ ഹർജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹർജിയിൽ വാദം കേട്ടിട്ടില്ലെന്നതിനാൽ, വിശദവാദം കഴിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കാനാകൂ എന്നും അതുവരെ താൽക്കാലികമായി അറസ്റ്റ് ഒഴിവാക്കാമെന്ന് ജസ്റ്റിസ് കെ. ബാബു അറിയിച്ചു.






