കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ ബ്ലോക്ക്, മുനിസിപ്പൽ വിതരണ കേന്ദ്രങ്ങളിൽ നടക്കും. തിരക്ക് ഒഴിവാക്കുന്നതിനായി എല്ലാ കേന്ദ്രങ്ങളിലും പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രം ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മുൻകൂട്ടി അറിയിച്ചിട്ടുള്ള വാഹനങ്ങളിൽ കയറണം. ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിക്കുന്നതിനായി ബസുകൾ ഉൾപ്പെടെ 724 വാഹനങ്ങളാണ് ജില്ലയിൽ സജ്ജമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് കോട്ടയം ജില്ലയിൽ വോട്ടെടുപ്പ്.
പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുന്ന വോട്ടറുടെ തിരിച്ചറിയൽ വിവരങ്ങൾ പോളിംഗ് ഓഫീസർ വോട്ടർപട്ടിക പരിശോധിച്ച് ഉറപ്പാക്കും. തുടർന്ന് അടുത്ത ഓഫീസറെ സമീപിക്കുമ്പോൾ വിരലിൽ മഷി പുരട്ടി രജിസ്റ്ററിൽ ഒപ്പ്/വിരലടയാളം രേഖപ്പെടുത്തണം. ശേഷം ലഭിക്കുന്ന സ്ലിപ്പ് വോട്ടിങ് യന്ത്രത്തിൻ്റെ ചുമതലയുള്ള ഓഫീസർക്ക് കൈമാറുമ്പോൾ അദ്ദേഹം കൺട്രോൾ യൂണിറ്റിലെ ‘ബാലറ്റ്’ ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താൻ യന്ത്രം സജ്ജമാക്കും. ഇതോടെ കൺട്രോൾ യൂണിറ്റിൽ ചുവന്ന ബിസി ലൈറ്റും ബാലറ്റ് യൂണിറ്റിൽ പച്ച ‘റെഡി’ ലൈറ്റും പ്രകാശിക്കും.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഓരോ വോട്ടറും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഓരോ വോട്ട് വീതം മൊത്തം മൂന്ന് വോട്ടുകൾ രേഖപ്പെടുത്തണം. ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് സജ്ജീകരിക്കുക. ഗ്രാമപഞ്ചായത്തിനുള്ള ബാലറ്റ് ലേബലിന് വെള്ള നിറവും, ബ്ലോക്ക് പഞ്ചായത്തിനുള്ളതിന് പിങ്ക് നിറവും, ജില്ലാ പഞ്ചായത്തിനുള്ളതിന് നീല നിറവുമാണ്. സ്ഥാനാർഥിയുടെ പേരിന് നേരെയുള്ള ബട്ടൺ അമർത്തുമ്പോൾ ഒരു ബീപ് ശബ്ദം കേൾക്കുകയും ലൈറ്റ് തെളിയുകയും ചെയ്യുന്നത് വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു.
മൂന്നു തലങ്ങളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തൽ പൂർത്തിയാകുമ്പോൾ ഒരു നീണ്ട ബീപ് ശബ്ദം കേൾക്കാം. ഒന്നോ രണ്ടോ തലങ്ങളിലേക്ക് വോട്ട് ചെയ്യാതെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവസാനത്തെ ബാലറ്റ് യൂണിറ്റിലെ ചുവന്ന എൻഡ് ബട്ടൺ (END BUTTON) അമർത്തി വേണം വോട്ടിങ് പ്രക്രിയ പൂർത്തിയാക്കാൻ. മൂന്നു തട്ടുകളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെങ്കിൽ എൻഡ് ബട്ടൺ അമർത്തേണ്ട ആവശ്യമില്ല. വോട്ടിങ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കാവുന്നതാണ്.




