കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗം ചൂടുപിടിച്ചിരിക്കെ കൊടുവള്ളിയിൽ ഉടനീളം ഇടതു കേന്ദ്രങ്ങൾ മുനിസിപ്പാലിറ്റി ഭരണസമിതിക്കെതിരെ നടത്തുന്നത് നുണപ്രചാരണമാണെന്ന് യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി.
നഗരസഭ കാര്യാലയമായി ബന്ധപ്പെട്ട് 2019ൽ അന്നത്തെ ഭരണസമിതി പുതിയ കെട്ടിടവുമായി മുന്നോട്ടു വന്നപ്പോൾ അതിനെ വിലങ്ങുതടിയായത് ഇടതുപക്ഷ കൗൺസിലർമാരുടെ ഇടപെടൽ ആണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
നിയമവിരുദ്ധമായി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജയിക്കാൻ തക്ക രീതിയിൽ
വാർഡുകൾ വെട്ടി മുറിച്ചിട്ടും പാർട്ടി ചിഹ്നം ഒഴിവാക്കി സ്വതന്ത്ര ചിഹ്നങ്ങളിൽ വോട്ട് നേടിയിട്ടും കൊടുവള്ളി മുനിസിപ്പാലിറ്റി ഭരണം പിടിക്കാൻ ഇടതുപക്ഷത്തിന് സാധ്യമല്ലയെന്ന് വന്നപ്പോഴാണ് വിലകുറഞ്ഞ നുണപ്രചാരണവുമായി രംഗത്തെത്തിയതെന്ന് യുഡിഎഫ് നേതാക്കൾ അഭിപ്രായപ്പെട്ടു.
കൊടുവള്ളിയിലെ കിഫ്ബി ഫണ്ട് മുടക്കിയതിലും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഭരണസമിതി മുന്നോട്ടുവച്ച പദ്ധതികൾ അട്ടിമറിക്കുന്നതിനും പിന്നിലെ കൈകൾ ഇടതുപക്ഷ നേതാക്കളുടെതാണെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
പരിപാടി പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട് വി എം ഉമ്മർ മാസ്റ്റർ, മജീദ് മാസ്റ്റർ, വി കെ അബ്ദു ഹാജി, കെ കെ എ കാദർ, അലി മാനിപുരം, നസീഫ് എം തുടങ്ങിയവർ സംസാരിച്ചു.






