കോട്ടയം: മരിയസദനം അന്തേവാസികൾക്ക് വോട്ടവകാശം നിഷേധിക്കാൻ ഹൈക്കോടതിയെ സമീപിച്ച നടപടി യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നതെന്ന് കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ പ്രസ്താവിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടവർ തന്നെ അവർക്കെതിരായി നിലകൊള്ളുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
രോഗമുക്തി നേടി പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്നവർക്ക് വോട്ട് ചെയ്യാൻ സാധുതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യമുള്ളതുകൊണ്ടാണ് അവർക്ക് വോട്ടവകാശം നൽകിയിരിക്കുന്നതെന്ന് പ്രശാന്ത് നന്ദകുമാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഒരു വാർഡ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം മൂലം സാധാരണക്കാരിൽ സാധാരണക്കാരും ആലംബഹീനരുമായ അന്തേവാസികൾക്കും സ്ഥാപനത്തിനും എതിരെ ഹൈക്കോടതി വരെ പോയത്, ‘ജയിക്കാൻ എന്ത് വൃത്തികേടും കാണിക്കാൻ മടിയില്ല’ എന്ന മനോഭാവമാണ് വെളിപ്പെടുത്തുന്നത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പിച്ച യുഡിഎഫിന്റെ വിഭ്രാന്തികളാണ് ഇത്തരം പ്രവൃത്തികളിലൂടെ രംഗത്തുവന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒരു വാർഡ് തെരഞ്ഞെടുപ്പിൽ ഇത്രയും ഹീനമായ പ്രവൃത്തി ചെയ്തവർ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയത്തിന് വേണ്ടി എന്തൊക്കെ ചെയ്തു കൂട്ടുകയില്ല എന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും ഹർജിക്കാരെ വിമർശിച്ചുകൊണ്ടുള്ള കോടതിയുടെ പരാമർശവും ഈ തരംതാഴ്ന്ന പ്രവൃത്തിക്കുള്ള തിരിച്ചടിയാണെന്നും പ്രശാന്ത് നന്ദകുമാർ കൂട്ടിച്ചേർത്തു.




