കോട്ടയം: ടൗണിൽ പലയിടത്തും ജലഅതോറിറ്റി പൈപ്പ് നന്നാക്കാൻ കുഴിയെടുത്ത ശേഷം ഫലപ്രദമായി മൂടുന്നില്ലെന്നു ദേശീയപാത അതോറിറ്റിയുടെ പരാതി. ദേശീയപാത നൂറ്റിഎൺപതിമൂന്നിന്റെ (കൊല്ലം-തേനി) വശങ്ങളിലും നടുഭാഗത്തു കൂടെയുമാണു ജലഅതോറിറ്റി പൈപ്പുകൾ കടന്നുപോകുന്നത്. പൊട്ടിയ പൈപ്പുകൾ നന്നാക്കിയ ശേഷം പൂർവ സ്ഥിതിയിലാക്കുന്നില്ലെന്നാണു പരാതി.
ഇന്നലെ രാവിലെ ദേശീയപാത നൂറ്റിഎൺപതിമൂന്ന് കടന്നുപോകുന്ന കോട്ടയം ജില്ലാ ജനറൽ ആശുപത്രിയുടെ മുൻവശത്ത് റോഡിനു നടുവിൽ പൈപ്പ് നന്നാക്കാൻ ജല അതോറിറ്റി മുന്നറിയിപ്പില്ലാതെ റോഡ് കുഴിച്ചത്. ഇവിടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു.
ഇതിന്റെ തകരാർ പരിഹരിക്കണമെന്ന് ഒട്ടേറെത്തവണ ജനങ്ങൾ പരാതി പറഞ്ഞിരുന്നു. ഇന്നലെ രാവിലെയാണ് ജല അതോറിറ്റി കരാറുകാർ പൈപ്പ് പൊട്ടിയ ഭാഗം കുഴിച്ചത്. റോഡിന്റെ നടുവിൽ ആഴത്തിലുള്ള കുഴി നിർമിച്ചതോടെ ജനറൽ ആശുപത്രിയിലേക്ക് എത്തിയ വാഹനങ്ങളടക്കം ഗതാഗതക്കുരുക്കിൽ പെട്ടു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നെന്ന പരാതിയെത്തുടർന്നാണു റോഡ് കുഴിച്ചതെന്നാണു ജലഅതോറിറ്റിയുടെ വിശദീകരണം.






